Editorial
ഇന്ത്യൻ ജനാധിപത്യത്തിന് വെളിച്ചം നൽകേണ്ട ദീപം പടുതിരികത്തരുതേ.
സ്വതന്ത്ര ഭാരതത്തെക്കുറിച്ച് മഹത്തായ സ്വപ്നങ്ങൾ നെയ്യ്തവരാണ് നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമര നേതാക്കൾ. എന്നാൽ അർദ്ധ രാത്രിയിൽ നേടിയ സ്വാതന്ത്ര്യം വീണ്ടും അന്ധകാരത്തിലേക്ക് കൂപ്പുകുത്തുകയാണോ എന്ന് സംശയിക്കാൻ വക നല്കുന്നതാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറകൾ ഒന്നിനു പിറകെ മറ്റൊന്നായി തകർന്നു വീഴുന്ന കാഴ്ച.
ആദ്യം അഴിമതിയെ വരിച്ചത് ഇന്ത്യൻ ബ്യൂറോക്രസിയാണ്. സ്വാതന്ത്ര്യം ലഭിച്ച ആദ്യ നാളുകളിൽത്തന്നെ അഴിമതി ആസ്വദിക്കാൻ നമ്മുടെ ഉദ്യോഗസ്ഥന്മാർക്ക് തിടുക്കമായി. സ്വാതന്ത്ര്യത്തിന്റെ വില അറിയാവുന്ന, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, കുലീനത്തമുള്ള മാന്യന്മാരായിരുന്നു ആദ്യ നാളുകളിൽ ഇന്ത്യയിലെ നിയമസഭകളിലും പാർലമെന്റിലും ഉണ്ടായിരുന്നത്. ഇന്ന് അവർക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റ ഫലമായി അവർ ഇരുന്ന കസേരകളിലേക്ക് ക്രിമിനലുകൾ കടന്നു വന്നു കൊണ്ടിരിക്കുന്നു. സ്വതന്ത്ര ഭാരത പൗരന്റെ അവസാനത്തെ അത്താണിയായിരുന്നു നമ്മുടെ ജുഡീഷ്യറി.ഇപ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള പ്രത്യാശയും അസ്തമിച്ചേക്കുമോ എന്ന ആശങ്കയിലാണ് .
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാർ ചേർന്ന് നടത്തിയ പത്രസമ്മേളനം ഇന്ത്യൻ ജുഡീ ഷ്യറിയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. ചീഫ് ജസ്റ്റിസിനെതിരെയുള്ള കേസ് അദ്ദേഹം നിയോഗിച്ച ബഞ്ച് അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ വാദം കേട്ട് വിധി പറയുന്ന രോമാഞ്ചജനകമായ കാഴ്ച്ചയും നമ്മൾ കണ്ടു.
കഴിഞ്ഞ ദിവസം വഞ്ചിയൂരിൽ ഒരു വനിതാ മജിസ്ട്രേറ്റിന്റെ ചേംബറിൽ ഇടിച്ചു കയറിയ അഭിഭാഷകർ നടത്തിയ ‘ സർജിക്കൽ സ്ട്രൈക്കും’ കാണാനുള്ള ഭാഗ്യവും നമുക്കുണ്ടായി. ഒരു കേസിലെ പ്രതി സാക്ഷിയായ തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് കോടതിയോട് നേരിട്ട് പരാതിപ്പെട്ടപ്പോൾ ആ സ്ത്രീ യുടെ അവസ്ഥ ബോധ്യപ്പെട്ട കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്.
മാധ്യമ പ്രവർത്തകരേയും പോലീസിനേയും അക്രമിച്ച ചരിത്രമുള്ള നമ്മുടെ വക്കീലന്മാർ അവസാനം കോടതിക്കെതിരേയും തിരിഞ്ഞിരിക്കുന്നു.
ഇന്ത്യൻ ജുഡീഷ്യറി കഴിഞ്ഞ കുറേക്കാലമായി സമൂഹത്തിന്റെ ദൃഷ്ട്ടിയിൽ നിലവാരം ഇടിഞ്ഞുതാഴുന്ന ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞോ എന്ന സംശയവും അവഗണിക്കാനാകില്ല. കോർട്ടലക്ഷ്യം എന്ന ഖഡ്ഗം കാട്ടി ഭയപ്പെടുത്തി സ്വന്തം സാർത്ഥ താല്പര്യങ്ങളും അഴിമതിയും സ്വജനപക്ഷപാതവും മൂടിവച്ചവർക്ക് ഇനി അധിക കാലം അതിനു കഴിയില്ലന്ന് കാലം തെളിയിക്കും.ജീവൻ പണയം വച്ച് പോലീസ് അറസ്റ്റ് ചെയ്യുന്ന കൊടും ക്രിമിനലുകൾക്ക് എത്ര ലാഘവത്തോ ടെയാണ് ജാമ്യം കൊടുക്കുന്നത് ? സൗമ്യ വധക്കേസ്സിൽ സെഷൻസ് കോടതിയും ഹൈക്കോടതിയും വധശിക്ഷക്കു വിധിച്ച ഗോവിന്ദച്ചാമി എന്ന കൊടും ക്രിമിനലിന് സുപ്രീം കോടതി വധശിഷ ഇളവു ചെയ്തത് തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം.ഇത്തരം ചില വിധികളെ ആശങ്കയോടെ മാത്രമെ പൊതു സമൂഹത്തിന് കാണാൻ കഴിയൂ.
ഇതിന്റെ ഒക്കെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ഹൈദ്രബാദിൽ കണ്ടത്.ഷംഷാബ്ദിൽ ഒരു വനിതാ മൃഗഡോക്ട്ടറെ ബലാൽസംഗം ചെയ്യ്ത് കൊന്ന കേസിലെ ക്രിമിനലു കളെ വിചാരണ ഇല്ലാതെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട ജനക്കൂട്ടം ഷാഡ്നഗർ പോലീസ് സ്റ്റേഷൻ അക്രമിക്കുകയുണ്ടായി. പല പ്രാവശ്യം ലാത്തിച്ചാർജ് ചെയ്യ്താണ് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. നമ്മുടെ ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറഞ്ഞു വരികയാണ് എന്നതിന് തെളിവാണ് ഇത്. ഇന്ത്യ പോലുള്ള മഹത്തായ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഒരു രാജ്യത്തിന് ഇത് ഭൂഷണമല്ല.
ഇന്ത്യൻ ജനാധിപത്യത്തിന് വെളിച്ചം നൽകേണ്ട ദീപം പടുതിരികത്തരുതേ.