Top Stories
ദേഹത്ത് തൊടുകയോ ലാത്തി ഉപയോഗിക്കുകയോ ചെയ്യരുത്, പൂർണമായും വീഡിയോ ചിത്രീകരിക്കണം
തിരുവനന്തപുരം: ഹെൽമറ്റ് പരിശോധനയുടെ പേരിൽ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ലാത്തി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ.എന്നാൽ ഹെൽമറ്റ് പരിശോധന കർശനമായിരിക്കയും വേണം. പരിശോധനക്കിടയിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ജില്ലാ പൊലീസ് മേധാവിയായിരിക്കും ഉത്തരവാദിയെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
കടയ്ക്കലിൽ ഹെൽമറ്റ് പരിശോധയ്ക്കിടെ പൊലീസിന്റെ ലാത്തിയേറിൽ യുവാവിനു പരിക്കേറ്റത് വിവാദമായ സാഹചര്യത്തിലാണ് വാഹനപരിശോധന സംബന്ധിച്ച് ഡി.ജി.പിയുടെ പുതുക്കിയ സർക്കുലർ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രയ്ക്കും ഇന്നലെ മുതൽ ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. പരിശോധന എങ്ങനെ വേണമെന്ന വ്യക്തമായ നിർദേശം സർക്കുലറിലുണ്ട്.
*എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തണം, സംഘത്തിൽ നാലു പേർ വേണം
*ഒരാൾ പൂർണമായും വീഡിയോ ചിത്രീകരണത്തിൽ ശ്രദ്ധിക്കണം
*നിയമാനുസൃത നടപടിയല്ലാതെ യാതികരോട് കയർക്കരുത്
*അതിരു കവിഞ്ഞ് രോഷം പ്രകടിപ്പിക്കരുത്.
*വാഹനം നിർത്താതെ പോകുന്നവരെ പിന്തുടരാൻ പാടില്ല.
*ഇത്തരം വാഹനങ്ങളുടെ നമ്പർ കുറിച്ചെടുത്ത് നോട്ടീസ് അയയ്ക്കാം
*റോഡിലേക്കു കയറിനിന്ന് കൈ കാണിക്കരുത്, ദേഹം പരിശോധിക്കരുത്.
*വളവിലും തിരിവിലും ഇടുങ്ങിയ റോഡുകളിലും പരിശോധന പാടില്ല.