News
നാളെ മുതൽ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ കോള്, ഡേറ്റ നിരക്കുകളിൽ 50% വരെ വർധന.
ന്യൂഡൽഹി : മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ കോള്, ഡേറ്റ നിരക്കുകളിൽ 50% വരെ വർധന.നാളെ നിലവിൽ വരും. റിലയൻസ് ജിയോയുടെ നിരക്കിൽ 40% വരെ വർധന വെള്ളിയാഴ്ച നിലവിൽവരും. ബിഎസ്എൻഎലും നിരക്ക് വർധിപ്പിച്ചേക്കും.
നാലു വർഷം മുൻപു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈൽ കമ്പനികൾ നിരക്കുകളിൽ കാര്യമായ മാറ്റം വരുത്തുന്നത്.
വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണു വർധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന ‘പരിധിയില്ലാത്ത’ കോളുകൾക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളിൽ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളിൽ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളിൽ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം. ഇതിനു ശേഷമുള്ള കോളുകൾക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും.
ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവ നിരക്കുവർധനയ്ക്കു നേരത്തേ തീരുമാനമെടുത്തിരുന്നു.