പല നേതാക്കൾക്കും പല താൽപര്യങ്ങളുണ്ടാകും ശക്തമായ നേതൃത്വം വരാനുള്ള താൽപര്യമാണ് എന്റേത്, കെ പി സി സി ഭാരവാഹി പട്ടികയിലെ അതൃപ്തി തുറന്നുപറഞ്ഞ് മുല്ലപ്പള്ള രാമചന്ദ്രൻ.
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയിലെ അതൃപ്തി തുറന്നുപറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രൻ. ആൾക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടത്. ശക്തമായ നേതൃത്വമാണ് വരേണ്ടത്. ജനപ്രതിനിധികൾ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായയം, എംപിമാരും എംഎൽഎമാരും മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻതന്നെ സമയം തികയാതിരിക്കെ പാർട്ടി ഏൽപിക്കുന്ന ചുമതലകൾ എങ്ങനെ നിർവഹിക്കാനാകും എന്ന് മുല്ലപ്പള്ളി പത്രസമ്മേളനത്തിൽ ചോദിച്ചു.കെപിസിസി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടികതന്നെ കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
ഏറ്റവും ശക്തമായ, കാര്യക്ഷമമായി പാർട്ടിയെ മുന്നോട്ടുനയിക്കാൻ സാധിക്കുന്ന നേതൃത്വമാണ് കെപിസിസിക്ക് ആവശ്യം. തനിക്കു ലഭിച്ച ലിസ്റ്റിൽ ഓരോ ഭാരവാഹിയെയും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിന് നൽകിയിട്ടുണ്ട്. എന്തായിരിക്കണം കമ്മിറ്റിയുടെ ഘടന എന്നതിനെക്കുറിച്ചും താൻ വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പല നേതാക്കൾക്കും പല താൽപര്യങ്ങളുണ്ടാകും. എന്നാൽ ശക്തമായ നേതൃത്വം വരാനുള്ള താൽപര്യമാണ് താൻ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ സോണിയ ഗാന്ധിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. വൈകാതെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.