News
20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
മലപ്പുറം:പച്ചക്കറിയുമായെത്തിയ ജീപ്പില്‍ ഒളിപ്പിച്ചു കടത്തിയ 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മലപ്പുറം വഴിക്കടവ് ചെക്പോസ്റ്റില്‍ എക്‌സൈസ് സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
മണ്ണാര്‍ക്കാട് ആര്യമ്പാവ് കേന്ദ്രമായി പ്രവര്‍ത്തിന്ന മൊത്തക്കച്ചവട സംഘത്തിന് വേണ്ടിയാണ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തിയത്.
പച്ചക്കറിയുമായെത്തിയ ഗുഡ്സ് ജീപ്പില്‍ എക്സൈസ് സംഘം പരിശോധിക്കുന്നതിനിടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് ചാക്കുകെട്ടുകള്‍ ഇറക്കിവച്ച് വിശദമായ പരിശോധന നടത്തിയത്. 21 ചാക്കുകളിൽ നിറച്ച 6600 പായ്ക്കറ്റ് ഹാൻസാണ് കണ്ടെത്തിയത്.
മണ്ണാര്‍ക്കാട് കരിങ്കല്ലത്താണിയിലുള്ള ഫൈസലിന് വേണ്ടിയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്നതെന്ന് ഡ്രൈവർ മൊഴി നൽകി.മലപ്പുറം, പാലക്കാട് ജില്ലയികളില്‍ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് കരിങ്കല്ലത്താണിയിലുള്ള ഫൈസലെന്ന് എക്സൈസ് സംഘം പറഞ്ഞു. പുകയില ഉൽപ്പന്നങ്ങളും ഗുഡ്സ് ജീപ്പും പ്രതിയേയും വഴിക്കടവ് പോലീസിന് കൈമാറി.