News
മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കിയ കല്ലട ബസ് ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം:മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കിയ കല്ലട ബസ് ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് യാത്രപോയ ബസിന്റെ ഡ്രൈവർ പാലക്കാട് എലവഞ്ചേരി കോഴനേട് ഹൗസിൽ കൃഷ്ണൻകുട്ടിയാണ്(47) പോലീസ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് 6.30-ന് കഴക്കൂട്ടം ടെക്‌നോപാർക്കിന് എതിർവശം സർവീസ് റോഡിലാണ് അപകടമുണ്ടായത്.
മുന്നിൽപോയ കാറിൽ ബസ് ഇടിച്ചതിനെ തുടർന്ന് കാർ യാത്രക്കാർ ബസ് തടഞ്ഞുനിർത്തി ഡ്രൈവറുമായി സംസാരിച്ചപ്പോഴാണ് മദ്യപിച്ചിട്ടുള്ളതായി മനസ്സിലായത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കഴക്കൂട്ടം പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി. മദ്യപിച്ചതായി വ്യക്തമായതിനെത്തുടർന്ന് കേസെടുത്തു. ബസ് സ്റ്റേഷനിലേക്കു മാറ്റി. ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് ബസ് ഓടിക്കേണ്ട ഡ്രൈവറെയാണ് മദ്യപിച്ചനിലയിൽ പിടികൂടിയത്.
കല്ലടയുടെ അന്തർ സംസ്ഥാന ബസുകളിലെ ജീവനക്കാർക്കെതിരേ നിരന്തരം നിരവധി പരാതികൾ ഉയർന്നിരുന്നു. യാത്രക്കാരെ മർദിച്ചതിനും യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും ബസ് ജീവനക്കാർ മുൻപ് അറസ്റ്റിലായിരുന്നു.