വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി – നാസ
വാഷിംഗ്ടൺ : ചന്ദ്രയാൻ 2 ന്റെ ഭാഗമായ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയെന്ന് നാസ. നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്റെ ക്യാമറാക്കണ്ണുകളാണ് വിക്രംലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
സോഫ്റ്റ്ലാൻഡിങ്ങിനിടെ ആശയവിനിമം നഷ്ടപ്പെട്ട ലാൻഡറിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല.സെപ്റ്റംബർ 7നാണ് ലാൻഡിങ്ങിനിടെ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ലാൻഡറിന്റെ അവശിഷ്ടങ്ങളുടെയും ലാൻഡർ പതിക്കുമ്പോൾ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യൻ ശാസ്ത്രജ്ഞനായ ഷൺമുഖ സുബ്രഹ്മണ്യൻ ലാൻഡർ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ പഠനവിധേയമാക്കിയാണ് ഈ നിഗമനത്തിലെത്തിയത്.
ലാൻഡർ ഇടിച്ചിറങ്ങിയ സ്ഥലവും ചന്ദ്രോപരിതലത്തിലെ മണ്ണിന് വ്യത്യാസം സംഭവിച്ചതുമെല്ലാം ഒരു ചിത്രത്തിൽ നാസ അടയാളപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിനുണ്ടായ വ്യത്യാസമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളിലുള്ളത്.