Top Stories
ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസിൽ പി.ചിദംബരത്തിന് ജാമ്യം
ന്യൂഡൽഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസിൽ മുന്‍ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ജാമ്യം.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഐ.എന്‍.എക്സ് മീഡിയ അഴിമതിയുമായി ബന്ധ്പ്പെട്ട സി.ബി.ഐ കേസിൽ നേരത്തേ ജാമ്യം ലഭിച്ചതിനാൽ ചിദംബരത്തിന് ഇന്ന് ജയിൽ മോചിതനാകാൻ കഴിയും.
രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കാന്‍ ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഇതേ ബെഞ്ചാണ് ഐ.എൻ.എക്സ്. ഇടപാടിലെ സി.ബി.ഐ. കേസിലും ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലായിരുന്നു ചിദംബരത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി.
ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായെതിർത്തിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോൾപോലും നിർണായകസാക്ഷികളെ സ്വാധീനിക്കാൻ ചിദംബരത്തിന് കഴിഞ്ഞിരുന്നു എന്ന് ഇ.ഡി. വാദിച്ചു. എന്നാൽ, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തതിന് പ്രത്യക്ഷമോ പരോക്ഷമോ ആയ തെളിവുകളില്ലെന്ന് ചിദംബരം പറഞ്ഞു.
ഐ.എൻ.എക്സ്. മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടിൽ വിദേശനിക്ഷേപം സ്വീകരിക്കാൻ ചിദംബരം ധനമന്ത്രിയായിരിക്കേ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് അനുമതി നൽകിയെന്നാണ് കേസ്.
2007ലാണ് ഐ.എൻ.എക്‌സ് മീഡിയക്ക് വിദേശത്തുനിന്ന് മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.