News
കിണറ്റിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു
കൊല്ലം: എഴുകോണിൽ വീടിനു മുന്നിലെ കിണറ്റിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു. ഇരുമ്പനങ്ങാട് മാറനാട് പള്ളിമുക്കിൽ സുനിൽ സദനത്തിൽ സൈനികനായ സുനിൽ കുമാറിന്റെയും നിഷയുടെയും മകൻ അഭിനവാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ന് മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടി, കാലുതെറ്റി ഉയരം കുറഞ്ഞ കിണറിന്റെ ആൾമറക്ക് മുകളിലൂടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.തൊട്ടടുത്ത പുരയിടത്തിൽ നിന്ന് മഴയത്ത് ഒലിച്ചുവന്ന മണ്ണ് കിണറിനോട് ചേർന്ന് അടിഞ്ഞുകൂടിയിരുന്നു. മണ്ണിനു മുകളിലൂടെ നടന്നപ്പോഴാണ് കുട്ടി തെന്നി കിണറ്റിലേക്ക് വീണത്.
വീട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈനികനായ പിതാവ് സുനിൽകുമാർ രണ്ടു ദിവസം മുൻപാണ് അവധിക്ക് നാട്ടിൽ വന്നത്. അക്ഷയ് സഹോദരനാണ്. സംസ്കാരം ഇന്ന് രാവിലെ 11ന്.