Top Stories
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി അവസാന വാക്കല്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് 2018ലെ സുപ്രീം കോടതി വിധി അവസാന വാക്കല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ. ശബരിമലയിൽ കയറാൻ അനുവദിക്കണമെന്ന ബിന്ദു അമ്മിണിയുടെ ആവശ്യം പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിർണായക പരാമർശം.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ശബരിമലയിൽ സന്ദർശനം അനുവദിക്കാൻ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിന്ദു അമ്മിണിയുടെയും രഹ്ന ഫാത്തിമയുടെയും ഹർജികളിൽ വാദം കേൾക്കുന്നത്. വ്യാഴാഴ്ച രാവിലെ ബിന്ദു അമ്മിണിയുടെ അഭിഭാഷക ഇന്ദിരാ ജയ്സിങ്ങ് സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും അതിനാൽ ബിന്ദു അമ്മിണിക്ക് ശബരിമലയിൽ പോകാൻ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു. അപ്പോഴാണ് 2018ലെ വിധി അവസാനവാക്കല്ലെന്നും വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും ചീഫ് ജിസ്റ്റിസ് ചൂണ്ടിക്കാട്ടിയത്.