News
സംവിധായകൻ വി എ ശ്രീകുമാർ അറസ്റ്റിൽ
തൃശ്ശൂർ: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് രണ്ടു പേരുടെ ആൾജാമ്യത്തിൽ വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തൃശ്ശൂർ പോലീസ് ക്ലബിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. നേരത്തെ മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു.വി.എ ശ്രീകുമാറിന്റെ വീട്ടിലും ഓഫീസിലും പോലീസ് മുൻപ് റെയ്ഡ് നടത്തിയിരുന്നു.
ശ്രീകുമാർ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നൽകിയത്. ഇതേത്തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകൾ ചേർത്താണ് സംവിധായകനെതിരെ കേസെടുത്തിട്ടുള്ളത്.