Top Stories
നീതി നടപ്പാക്കേണ്ടത് ഇങ്ങനെയായിരുന്നില്ല:ജസ്റ്റിസ് കെമാൽ പാഷ
കൊച്ചി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച പ്രതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. നീതി നടപ്പാക്കേണ്ടത് ഇങ്ങനെ ആയിരുന്നില്ല, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ശിക്ഷ തന്നെയാണ് അവർക്ക് ലഭിച്ചത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാണ് അവർക്ക് കിട്ടേണ്ടത്. എന്നാൽ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് അവരെ ശിക്ഷിക്കേണ്ടത്. പരമാവധി ശിക്ഷ വധശിക്ഷയാണ്- അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിൽ തെലങ്കാന പോലീസ് ചെയ്തത് ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പണ്ട് മേയർക്ക് വധശിക്ഷ വിധിക്കാൻ നിയമമില്ലാത്തതിനാൽ മെക്സിക്കോയിൽ ആ ആവശ്യമുന്നയിച്ച് ജനങ്ങൾ തെരുവിൽ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പലയിടത്തും നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്നത് നമ്മൾ കാണുന്നുണ്ട്. ഇത്തരം പ്രതികൾ നമ്മുടെ ചിലവിൽ ജയിലിൽ തടിച്ച് കൊഴുത്ത് കഴിയുന്നതിൽ പരാതിയുള്ള ആളാണ് ഞാൻ- അദ്ദേഹം പറഞ്ഞു.