Top Stories
വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നു.
ഹൈദരാബാദ്:ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരെയും പോലീസ് വെടിവച്ചു കൊന്നു. വെള്ളിയാഴ്ച പുലർച്ചെ 3.30ന് ഇവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
നവംബർ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗർ ദേശീയപാതയിൽ പാലത്തിനടിയിൽ കാണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികൾ പോലീസിൻറെ വെടിയേറ്റു മരിച്ചത്.
ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം പ്രതികളെ പോലീസ് മനപ്പൂർവം വെടിവച്ചു കൊന്നതാണോ എന്ന സംശയവും ഉയരുന്നുണ്ട്. വെളുപ്പിന് മൂന്നരക്ക് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതികൾ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടു എന്നാണ് പോലീസ് ഭാഷ്യം. രക്ഷപെടാൻ പാകത്തിൽ നിസാരമായാണോ രാജ്യം മുഴുവൻ ഉറ്റുനോക്കിയ കേസിലെ പ്രതികളെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.