Politics
ബി ജെ പി അധ്യക്ഷനെ കണ്ടെത്താൻ കേന്ദ്ര നേതാക്കൾ കേരളത്തിലേക്ക്
തിരുവനന്തപുരം:ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്ക് ദേശീയ നേതാക്കൾ അടുത്തയാഴ്ച കേരളത്തിലെത്തും. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കോർ കമ്മിറ്റിയംഗങ്ങളുമായും തുടർന്ന് ആർ.എസ്.എസ്. നേതൃത്വവുമായും ചർച്ച നടത്തും.ഈ മാസം 15-നകം സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനാണ് നിർദേശം.
കേരളത്തിലെ പാർട്ടിപ്രവർത്തനം ഇപ്പോൾ വേണ്ടത്ര സജീവമല്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവായത്തിലൂടെ പാർട്ടിയെ നയിക്കാൻ ആളെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ദേശീയ നേതൃത്വത്തിനു മുന്നിൽ. കേന്ദ്രമന്ത്രി വി. മുരളീധരനും മുൻ പ്രസിഡന്റ് പി.കെ. കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്. മുരളീധര പക്ഷത്ത് കെ. സുരേന്ദ്രനും കൃഷ്ണദാസ് പക്ഷത്ത് എം.ടി. രമേശും. ഇവരെക്കൂടാതെ, ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും രംഗത്തുണ്ട്.
എന്നാൽ ആർ എസ് എസ് മുന്നോട്ടുവയ്ക്കുന്ന പേരുകൾ കുമ്മനം രാജശേഖരൻ, പി പി മുകുന്ദൻ എന്നിവരുടെ പേരുകളാണ്. ഇതിൽ കുമ്മനത്തിനാണ് മുൻഗണന. കുമ്മനമല്ലെങ്കിൽ മുതിർന്ന നേതാവ് പി.പി. മുകുന്ദനെ പരിഗണിക്കണമെന്നാണ് സംസ്ഥാനത്തെ ആർ എസ് എസ് നേതാക്കളുടെ അഭിപ്രായം.