Entertainment

കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: ഇരുപത്തി നാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരിതെളിയും.വൈകിട്ട് 6 മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.എ.കെ.ബാലൻ അദ്ധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദ വിശിഷ്ടാതിഥിയായെത്തും.തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും.
രാവിലെ 10 മണിക്കാണ് പ്രദർശനം ആരംഭിക്കുന്നത്. 8,998 സീറ്റുകളാണുള്ളത്. 3500 സീറ്റുകൾ ഉള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി.ബാർക്കോ ഇലക്ട്രോണിക്‌സിന്റെ നൂതനമായ ലേസർ ഫോസ്‌ഫർ ഡിജിറ്റൽ പ്രോജക്ടറാണ് ഇത്തവണ നിശാഗന്ധിയിൽ ഉപയോഗിക്കുന്നത്.
നഗരത്തിലെ 14 തിയേറ്ററുകളിലായാണ് പ്രദർശനങ്ങൾ. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ടു ദിവസം നീളുന്ന മേളയിൽ 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കും. രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണ മേളയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയുടെ പുരസ്കാരം സമാപന ചടങ്ങിൽ സമ്മാനിക്കും. സൊളാനസിന്റെ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ലെനിൻ രാജേന്ദ്രൻ, എം.ജെ രാധാകൃഷ്ണൻ, മൃണാൾസെൻ, ഗിരീഷ് കർണാട് എന്നിവർക്ക് മേള സ്മരണാഞ്ജലി അർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button