Top Stories
ഹൈക്കോടതികളും സുപ്രീം കോടതിയും സാധാരണക്കാരന് അപ്രാപ്യം: രാഷ്ട്രപതി
ജോധ്പുർ: കോടതി വ്യവഹാരങ്ങൾ ചിലവേറിയതും സാധാരണക്കാരന് അപ്രാപ്യവുമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.രാജസ്ഥാൻ ഹൈക്കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകായയിരുന്നു അദ്ദേഹം.
“നീതിന്യായ നടത്തിപ്പ് ചിലവേറിയതാണ്. പലകാരണങ്ങളാൽ അത് സാധാരണക്കാരന് അപ്രാപ്യമാണ്. പ്രത്യേകിച്ച് ഹൈക്കോടതിയിയെയും സുപ്രീം കോടതിയെയും സമീപിക്കയെന്നത് സാധാരണക്കാരായ ഹർജിക്കാർക്ക് ഇപ്പോൾ അസാധ്യമാണ്. പാവപ്പെട്ട ഒരാൾക്ക് ഇന്നിവിടെ പരാതിയുമായി വരാൻ കഴിയുമോ. ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം ഭരണഘടനയുടെ ആമുഖത്തിലുള്ള നീതി എല്ലാവർക്കും തുല്യമാണെന്ന തത്വം നമ്മൾ അംഗീകരിച്ചതാണ്”, രാഷ്ട്രപതി പറഞ്ഞു.
“നീതിക്കായി ചിലവഴിക്കേണ്ട വലിയ തുകയെ കുറിച്ച് മഹാത്മാഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ സംബന്ധിച്ച് ദരിദ്രനാരായണൻമാരുടെ ക്ഷേമമായിരുന്നു പരമപ്രധാനം. ഗാന്ധിജിയുടെ ആ പ്രമാണം നമ്മൾ മനസ്സിൽവെക്കുകയാണെങ്കിൽ, പാവപ്പെട്ടവന്റെ, ദുർബലരുടെ മുഖം ഓർമ്മയിലിരിക്കുകയാണെങ്കിൽ ശരിയായ വഴി നാം കാണും”, എന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.