ഉന്നാവ്: ബലാത്സംഗ കേസ് പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു
ന്യൂഡൽഹി: ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികളുൾപ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ചു. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് മരണം. 11.10ന് യുവതിക്ക് ഹൃദയസ്തംഭനമുണ്ടാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.90 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു യുവതി. വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടിയെ ഹെലികോപ്റ്ററിൽ ഡൽഹിയിൽ എത്തിച്ചത്.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്.അക്രമികളിൽ രണ്ടുപേർ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്. വ്യാഴാഴ്ച മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകൾ യുവതി പറഞ്ഞിരുന്നു.
പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസിൽ ശിവം, ശുഭം ത്രിവേദി, ഹരിശങ്കർ ത്രിവേദി, രാംകിഷോർ ത്രിവേദി, ഉമേഷ് വാജ്‌പേയ് എന്നിവർ അറസ്‌റ്റിലായിട്ടുണ്ട്. ഇവരിൽ ശിവവും ശുഭം ത്രിവേദിയും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളാണ്.