News
പ്രായമായ സ്ത്രീയുടെ കയ്യിൽ കിടന്ന സ്വർണ്ണവള ഊരി കടന്നുകളഞ്ഞ യുവാവ് പോലീസ് പിടിയിൽ
കോട്ടയം : കുമരകത്ത് പ്രായമായ സ്ത്രീയുടെ കയ്യിൽ കിടന്ന സ്വർണ്ണവള ഊരി കടന്നുകളഞ്ഞ യുവാവിനെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു.മണ്ണാശേരി ലക്ഷം വീട് കോളനിയിൽ അനീഷ് കുമാർ(36) നെയാണ് കുമരകം സി ഐ ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാൾ ഇന്നലെ വൈകിട്ട് 3 മണിയോടെ കുമരകം ഗവൺമെൻറ് ഹൈസ്കൂളിന് അടുത്തുള്ള സരസ്വതി അമ്മ എന്ന 80 വയസ്സോളം ഉള്ള സ്ത്രീയുടെ വീട്ടിൽ ചെല്ലുകയും, അവരുമായി സംസാരിച്ചിരുന്ന ശേഷം അവരുടെ കയ്യിൽ കിടന്ന 2 പവന്റെ സ്വർണ്ണ വള ഊരി സ്ഥലം വിടുകയും ചെയ്യ്തു.
കുമരകം പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ സ്ത്രീയുടെ വിവരണപ്രകാരം, സംശയമുള്ള സമാന സ്വഭാവമുള്ള കേസുകളിലുൾപ്പെട്ട പ്രതികളെ പോലീസ് നിരീക്ഷിച്ചു. തുടർന്ന് അനീഷ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചു.
ശേഷം പ്രതി അനീഷ് കുമാറിന്റെ ചിറ്റപ്പന്റെ വീട്ടിലെ കിണറ്റിൽ നിന്നും പ്രതി ഒളിപ്പിച്ചിരുന്ന വളകൾ കണ്ടെടുത്തു.കവറിലാക്കി ഒളിപ്പിച്ചിരുന്ന വളകൾ പോലീസ് ഇറങ്ങിയാണ് കിണറ്റിൽ നിന്നും എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യ്തു.
സി ഐ ഷിബു പാപ്പച്ചന്റെ നേതൃത്വത്തിൽ എസ് ഐ രജൻ കുമാർ, എ എസ് ഐ ജോണി, സിപി മാരായ പ്രതീഷ്, പ്രദീപ്, വികാസ്, സന്തോഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്.