ഷെയിൻ നിഗം പ്രശ്നത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ വീണ്ടും
കൊച്ചി: ഷെയിൻ നിഗവും നിർമ്മാതാക്കളുമായുള്ള തർക്കത്തിൽ ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നു. ഷെയ്ൻ നിഗം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവുമായും, നടൻ സിദ്ധിക്കുമായും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. സിദ്ധിഖിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
സിനിമയുടെ കുറേയധികം ഭാഗങ്ങൾ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകൻ പറഞ്ഞ സമയത്ത് സിനിമ തീർക്കാൻ എത്രശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്നിന്റെ നിലപാട്. ഇക്കാര്യത്തിൽ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറൽ സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിക്കും. ഇക്കാര്യങ്ങളിൽ വ്യക്തത വന്ന ശേഷമാകും നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തുക.
ഷെയ്ൻ നിഗവും സംവിധായകനും നിർമാതാവും ഒന്നിച്ചിരുന്നുള്ള ചർച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ പരസ്പരം ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുക. തീരുമാനം അംഗീകരിക്കാൻ ഷെയ്ൻ നിഗം സന്നദ്ധത അറിയിച്ചിട്ടുണ്ട്.