News
ഓച്ചിറയിൽ ബാങ്ക് കവർച്ചാ ശ്രമം
കൊല്ലം: ഓച്ചിറയിൽ ബാങ്ക് കവർച്ചാശ്രമം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓച്ചിറ ശാഖയിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ കവർച്ചാശ്രമമുണ്ടായത്. പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ബാങ്ക് കെട്ടിടത്തിന്റെ ജനൽപ്പാളിയുടെ കമ്പി മുറിച്ചായിരുന്നു മുഖംമൂടി ധരിച്ച മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. ക്യാഷ് കൗണ്ടറിലെ മേശ തുറന്നെങ്കിലും പണമൊന്നും ലഭിച്ചില്ല. ഇതിനിടെ സിസിടിവി തകർക്കാനും ശ്രമമുണ്ടായി.
സിസിടിവി തകർക്കാൻ ശ്രമിച്ചതോടെ ബാങ്കിന്റെ എറണാകുളത്തെ പ്രധാന സെർവറിലേക്ക് അപായ സൂചന ലഭിച്ചിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സെക്യൂരിറ്റി ജീവനക്കാർ വന്നതോടെ മോഷ്ടാവ് ജനൽവഴി കടന്നുകളയുകയായിരുന്നു. മോഷ്ടാവിന്റേതെന്ന് കരുതുന്ന മൊബൈൽ ഫോൺ ബാങ്കിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.