Top Stories
തൂത്തുവാരി ബിജെപി, തകർന്നടിഞ്ഞ് കോൺഗ്രസ് ജെ ഡി എസ് സഖ്യം
ബെംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിൽ തൂത്തു വാരി ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന 15-ൽ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി. കോൺഗ്രസ്, ജെഡിഎസ് സിറ്റിങ് സീറ്റുകളും ബിജെപി പിടിച്ചെടുത്തു. വിമതരെ പാഠം പാഠിപ്പിക്കാനിറങ്ങിയ കോൺഗ്രസിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു സീറ്റിലും ജയിക്കാനാകാതെ ജെഡിഎസും തകർന്നു.
ഹൊസെകോട്ട മണ്ഡലത്തിൽ ബിജെപി വിമതനായി മത്സരിച്ച സ്വതന്ത്രൻ ശരത് കുമാർ ബച്ചെഗൗഡ വിജയിച്ചു. കോൺഗ്രസിൽ നിന്ന് കൂറുമാറി എത്തിയ എം.ടി.ബി.നാഗരാജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ചിക്കബല്ലാപുരിലെ ബിജെപി എംപി ബി.എൻ.ബച്ചെ ഗൗഡയുടെ മകനാണ് ശരത് കുമാർ ബച്ചെഗൗഡ. കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയവർക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് വിമതസ്വരം ഉയർത്തിയാണ് ശരത് കുമാർ സ്വതന്ത്രനായി നിന്നത്.
ശിവാജി നഗറിലും ഹുനസുരുവിലുമാണ് കോൺഗ്രസിന് ജയിക്കാനായത്. ശിവാജി നഗർ കോൺഗ്രസിന്റെ സിറ്റിങ് സീറ്റും ഹുനസുരു ജെഡിഎസിന്റെ സിറ്റിങ് സീറ്റുമായിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ നേടിയ 12 സീറ്റുകളക്കം ബിജെപിക്ക് ഇപ്പോൾ സഭയിൽ 118 പേരുടെ അംഗബലമായി. നേരത്തെ 106 എംഎൽഎമാർ ബിജെപിക്കൊപ്പമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ 11 സ്ഥാനാർഥികളും കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച12 പേരേയും ക്യാബിനറ്റ് മന്ത്രിമാരാക്കുമെന്നാണ് അറിയാൻ കഴിയുന്നത്.