Top Stories
കർണാടകത്തിൽ നിർണായക വിധി ഇന്ന്
ബെംഗളുരു: കർണാടകത്തിൽ യെദിയൂരപ്പ സർക്കാരിന് നിർണ്ണായകമായ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തുടങ്ങും.15-ൽ ആറ് സീറ്റെങ്കിലും ജയിച്ചില്ലെങ്കിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും പുറത്തുവന്ന് ബിജെപിയിൽ ചേർന്ന വിമതരിൽ 13 പേർ മത്സരരംഗത്തുണ്ട്.
പതിനൊന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. പത്ത് മണിയോടെ ഏകദേശം ഫലം വ്യക്തമാകും. ബിജെപിക്ക് പന്ത്രണ്ട് പന്ത്രണ്ട് സീറ്റുവരെയാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഇതിന്‍റെ ആത്മവിശ്വാസത്തിൽ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടുണ്ട്. വിമതരെ ജനം തളളുമെന്നും പത്ത് സീറ്റ് വരെ നേടുമെന്നുമാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
ഉപതെരഞ്ഞെടുപ്പ് നടന്നതിൽ പന്ത്രണ്ടെണ്ണം കോൺഗ്രസിന്‍റെയും മൂന്നെണ്ണം ജെഡിഎസിന്‍റെയും സിറ്റിംഗ് സീറ്റുകളാണ്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 224 അംഗങ്ങളാണ് കർണാടക നിയമസഭയിലുണ്ടായിരുന്നത്.കോൺഗ്രസിൽ നിന്നും ജെഡിഎസ്സിൽ നിന്നും 17 എംഎൽഎമാർ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് – ജെഡിഎസ് സർക്കാർ താഴെ വീണത്.