News

സിസ്റ്റർ ലൂസിയുടെ ‘കര്‍ത്താവിന്‍റെ നാമത്തില്‍’ ഇന്ന് പ്രകാശനം ചെയ്യും

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കര്‍ത്താവിന്‍റെ നാമത്തില്‍’ ഇന്ന് പ്രകാശനം ചെയ്യും. എറണകുളം പ്രസ് ക്ലബ്ബിലാണ് പുസ്തക പ്രകാശനം. സാറാ ജോസഫ്, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ സഭാ ജീവിതം വിവരിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം മുൻപേ തന്നെ വിവാദം ഉണ്ടാക്കിയിരുന്നു.

പുസ്തകത്തിന്‍റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു.

സഭയെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളാണ് സിസ്റ്റർ ലൂസി തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നത്. 
സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മഠത്തിൽ സന്ദർശകർ എന്ന വ്യാജേന എത്തി വൈദികർ ലൈംഗിക പീഡനം നടത്താറുണ്ടെന്നും,മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ തന്റെ പുസ്തകത്തിലൂടെ  ആരോപിക്കുന്നുണ്ട്. കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ ഫാദർ റോബിന് നിരവധി കന്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സിസ്റ്റർ ലൂസി തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button