News
സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടൽ മുറിയിൽ താമസിച്ചാൽ കുറ്റമോ? ഹൈക്കോടതി
ചെന്നൈ: അവിവാഹിതരായ സ്ത്രീയും പുരുഷനും ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് താമസിക്കുന്നത് കുറ്റകൃത്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി.അവിവാഹിതരായ യുവാക്കളെ ഹോട്ടലിൽനിന്നും പോലീസ് റെയ്‌ഡിൽ പിടികൂടിയതിനെതിരെ യുവതിയും യുവാവും നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.
പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും, അവിവാഹിതരാണെന്ന കാരണത്താല്‍ താമസിക്കുന്ന മുറിയില്‍ പൊലീസ് കയറി പരിശോധിക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണെന്നും ജസ്റ്റിസ് എംഎസ് രമേശ് വ്യക്തമാക്കി.
കഴിഞ്ഞ ജൂണിലാണ് ഹൈക്കോടതി വിധിക്കാസ്പദമായ സംഭവം നടന്നത്.
കോയമ്പത്തൂരില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും മുറി എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍റെ പരസ്യത്തിനെതിരെ സ്വകാര്യവ്യക്തി നല്‍കിയ പരാതിയില്‍ പൊലീസ് ഹോട്ടല്‍ റെയ്ഡ് നടത്തുകയും അവിവാഹിതരായ ജോഡികളെ അറസ്റ്റ് ചെയ്യുകയും, ഹോട്ടൽ പോലീസ് പൂട്ടിക്കുകയും ചെയ്തിരുന്നു.
ഹോട്ടൽ മുറിയില്‍ നിന്ന് മദ്യം പിടിച്ചെടുത്ത പൊലീസ് നടപടിയെയും കോടതി വിമര്‍ശിച്ചു.നിയമപരമായി മദ്യം വില്‍ക്കുന്നതിനോ വിളമ്പുന്നതിനോ അനുവാദമുണ്ടെങ്കില്‍ റൂമിലെ മദ്യം പിടിച്ചെടുത്ത നടപടി തെറ്റാണെന്നും, ഇനി ഹോട്ടലിന് ലൈസന്‍സില്ലെങ്കില്‍ പോലും റൂമില്‍ മുറിയെടുത്തവര്‍ സ്വന്തം നിലക്ക് മദ്യം കൊണ്ടുവരുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് കോടതിക്ക് മനസില്ലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.