Top Stories

പൗരത്വ ഭേദഗതി ബിൽ ലോക് സഭ പാസാക്കി

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക് എത്തും. രാജ്യസഭ കൂടി പാസാക്കിയാൽ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ ബിൽ നിയമമാകും.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങൾക്ക്,  അവർ നിശിചത കാലാവധിയായി ഇന്ത്യയിൽ താമസിക്കുന്നവരാണെങ്കിൽ അവർക്ക് പൗരത്വം നൽകുന്ന ബില്ലാണ് ഇത്.

എൻഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.കൂടാതെ  ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ്, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും ബില്ലിനെ അനുകൂലിച്ചു. ബില്ലിനെ അനുകൂലിച്ച് ശിവസേനയും വോട്ട് ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

ബില്ലിൻ മേലുള്ള ചർച്ചയിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് അമിത് ഷാ അക്കമിട്ട് മറുപടി നൽകി. ഇതിന് ശേഷമാണ് ബിൽ വോട്ടിനിട്ടത്. 48 പേരാണ് ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തത്. ബില്ലിൽ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ അടക്കമുള്ളവർ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട് തള്ളി.ഇതിന് ശേഷമാണ് ബിൽ പാസാക്കിയത്.എല്ലാ മതങ്ങളിലുമുള്ളവർക്ക് പൗരത്വം നൽകണമെന്നാണ് ഭേദഗതിയിൽ കൂടുതലും ആവശ്യപ്പെട്ടിരുന്നത്.

അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അവരുടെ ഭരണഘടനയിൽ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങൾ മറ്റ് സമുദായക്കാരാണ്. അവർ ആ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്നുണ്ട്. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാർഥികളായാണ് എത്തിയത്. അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയിൽ പറഞ്ഞു.അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് ബില്ലെന്നും റോഹിങ്ക്യൻ മുസ്ലീങ്ങളെ അംഗീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

1951 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ പാകിസ്താനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1947ൽ 23 ശതമാനമായിരുന്ന പാക്സ്താനിലെ ന്യൂനപക്ഷ ജനസംഖ്യ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞു. ബംഗ്ലാദേശിൽ 22ൽ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഒന്നുകിൽ ഇവർ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടാകണം അല്ലെങ്കിൽ അവർ കൊല്ലപ്പെട്ടിട്ടുണ്ടാകും. അതുമല്ലെങ്കിൽ അവരെ പുറത്താക്കിയിട്ടുണ്ടാകും. ഇന്ത്യയിൽ 1951 ൽ 9.8 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോൾ 14.3 ശതമാനമായി വർധിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പീഡനങ്ങൾ ഏറ്റുവാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. കേരളത്തിൽ മുസ്ലീം ലീഗിനൊപ്പവും മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പവുമാണ് കോൺഗ്രസുള്ളത്. കോൺഗ്രസിന്റെ മതേതരത്വമെന്താണെന്ന് മനസിലാകുന്നില്ല എന്നും
അമിത്ഷാ പരിഹസിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button