Top Stories
പി.എസ്.എൽ.വി. ക്യു.എൽ ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും.
തിരുവനന്തപുരം: പി.എസ്.എൽ.വി. 50-ാം വിക്ഷേപണ ദൗത്യം പി.എസ്.എൽ.വി. ക്യു.എൽ ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി.ആർ.ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒൻപത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പി.എസ്.എൽ.വി. ക്യു.എൽ ഭ്രമണപഥത്തിലേക്കുയരുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും വൈകിട്ട് 3.25 നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നുള്ള 75-ാമത് വിക്ഷേപണമാണ് പി.എസ്.എൽ.വി. ക്യു.എൽ.
അഞ്ചുവർഷം കാലാവധിയുള്ളതും 576 കിലോഗ്രാം ഭാരമുള്ളതുമാണ് റിസാറ്റ്-2 ബി.ആർ.-1 എന്ന ഉപഗ്രഹം. കൃഷി, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്ന ഉപഗ്രഹമാണ് റിസാറ്റ്-2 ബി.ആർ.-1.
ഭൗമോപരിതലത്തിൽനിന്ന് 576 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ്
പി.എസ്.എൽ.വി. ക്യു.എൽ.
ഉപഗ്രഹങ്ങളെ എത്തിക്കുക. ജപ്പാൻ, ഇറ്റലി, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും അടക്കം ഒൻപത് ഉപഗ്രഹങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ പി.എസ്.എൽ.വി. വഹിക്കും. 21 മിനിറ്റും 19.5 സെക്കൻഡുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക.