News
പോലീസ് പീഢനം,സ്റ്റേഷന് മുന്നിൽ കുത്തിയിരിന്ന് സ്ത്രീകളും കുട്ടികളും
അഞ്ചൽ : കൊല്ലം അഞ്ചൽ കൂട്ടിനാട് മടവൂർ പട്ടികജാതി കോളനി നിവാസികളായ സ്ത്രീകളും കുട്ടികളും പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.ഇന്നലെ രാത്രിയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കോളനിനിവാസികൾ അഞ്ചൽ പോലീസ്സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്.
രാത്രികാലങ്ങളിൽ നിരന്തരമായി അഞ്ചൽ പോലീസ് കോളനിയിലെ വീടുകളിൽ കടന്ന് ചെന്ന് ശല്യം ചെയ്യുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
അർത്ഥ രാത്രിയിൽ പോലീസ് നിരപരാധികളായ തങ്ങളുടെ വീട്ടിൽ അധിക്രമിച്ച് കടന്ന് സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയുമടക്കം ശല്യം ചെയ്യുന്നു എന്നും വീട്ടിൽ കിടന്ന് ഉറങ്ങാൻ നിവൃത്തി ഇല്ലാത്തതിനാലാണ് പോലീസ് സ്റ്റേഷന് മുന്നിൽ എത്തിയിരിക്കുന്നത് എന്നും സ്ത്രീകൾ ആരോപിച്ചു.
കോളനിയിൽ യുവാക്കൾ തമ്മിലുണ്ടായ ചെറിയ തർക്കങ്ങൾ രാഷ്ട്രീയവൽക്കരിച്ച് പോലീസ് അന്യായമായി കേസെടുത്തു എന്നും വഴക്കിൽ പിടിച്ച് മാറ്റാൻ ചെന്ന തങ്ങളുടെ മക്കളെ അടക്കം കള്ളക്കേസിൽ പ്രതി ചേർത്തു എന്നും ഇവർ ആരോപിച്ചു.
അതേസമയം ബിജെപി പ്രവർത്തകരാണ് കോളനിക്കാരുടെ കുത്തിയിരിപ്പ് സമരത്തിന് പിന്നിൽ എന്നും കോളനിക്കാരെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അഞ്ചൽ സി ഐ സി. എൽ.സുധീർ പറഞ്ഞു. അടുത്തിടെ നടന്ന അടിപിടി കെസിലെ പ്രതികളെ തിരക്കിയാണ് കോളനിയിൽ ചെന്നതെന്നും ആരെയും കള്ളക്കേസിൽ കുടുക്കിയിട്ടില്ലന്നും അദ്ദേഹം പ്രതികരിച്ചു .