Top Stories

മറ്റ് രാജ്യങ്ങളിലെ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകാൻ കഴിയില്ല:അമിത് ഷാ

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ പൗരത്വ നിയമ ഭേദഗതി ബില്ലിൻ മേലുള്ള ചർച്ച  രാജ്യസഭയിൽ തുടരുന്നു. ചോദ്യോത്തര വേള റദ്ദാക്കിയാണ് പൗരത്വ നിയമ ഭേദഗതി ബിൽ ചർച്ചചെയ്യുന്നത്. ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചത്.

പൗരത്വ നിയമ ഭേദഗതി ബില്ലിനെ എതിർക്കുന്നവർക്ക് പാകിസ്ഥാന്റെ സ്വരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.ഡൽഹിയിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മോദിയുടെ വിമർശനം.മതത്തിന്റെ അടിസ്ഥാനത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്കായുള്ള
പൗരത്വ ഭേദഗതി ബിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടുമെന്നും മോദി പറഞ്ഞു.

ബിൽ മുസ്ലീങ്ങൾക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ‘ഈ ബിൽ ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരാണെന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. എന്നാൽ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവർ എല്ലായ്പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല’ അമിത് ഷാ പറഞ്ഞു.

ഇന്ത്യയിലെ മുസ്ലിങ്ങളെ ഈ ബില്ല് ബാധിക്കില്ല അവർ ഇന്ത്യൻ പൗരന്മാരാണ്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകാൻ കഴിയില്ലെന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടന്നും അമിത് ഷാ പറഞ്ഞു.ഈ ബില്ലിൽ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ല, അഭയാർഥികളായ ന്യൂനപക്ഷങ്ങളെ സഹായിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. നിങ്ങളെ ചിലർ ഭയപ്പെടുത്താൻ നോക്കിയാൽ നിങ്ങൾ ഭയപ്പെടരുത്. ന്യൂനപക്ഷങ്ങൾക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന നരേന്ദ്രമോദി സർക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബില്ല് ഭരണഘടനക്ക് നേരെയുള്ള വെല്ലുവിളിയാണെന്നുംബില്ലിൽ സൂക്ഷ്മ പരിശോധന വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
വടക്കുകിഴക്കൻ സംസ്ഥാനത്തുള്ളവരെ വംശീയമായി തുടച്ചുനീക്കാനുള്ള ശ്രമമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമാണെന്നും ഭരണഘടനയുടെ ധാർമിക പരിശോധനയിൽ പരാജയപ്പെട്ട ബില്ലാണ് ഇതെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. ബിൽ പാസാക്കാൻ തിടുക്കം എന്തിനെന്ന് ആനന്ദ് ശർമ ചോദിച്ചു.ബിജെപി ശ്രമിക്കുന്നപോലെ ചരിത്രം തിരുത്തിയെഴുതാൻ ആവില്ലെന്നും ദ്വിരാഷ്ട്ര സിദ്ധാന്തം കോൺഗ്രസിന് മേൽ കെട്ടിവയ്ക്കാൻ ശ്രമമുണ്ടെന്നും കോൺഗ്രസ് പറഞ്ഞു.

മുസ്ലീങ്ങളെയും കൂടി ബില്ലിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് അണ്ണാ ഡിഎംകെ അഭിപ്രായപ്പെട്ടു. ബില്ലിനെ പിന്തുണയ്ക്കുമെന്നും അണ്ണാ ഡിഎംകെ വ്യക്തമാക്കി. ജെഡിയു വും ബില്ലിനെ പിന്തുണക്കും.അതേസമയം ലോക്സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചേക്കും എന്നും റിപ്പോർട്ടുണ്ട്. വൈകിട്ട് 7മണിക്കാണ് രാജ്യസഭയിൽ ബില്ലിന് മേലുള്ള വോട്ടെടുപ്പ് നടക്കുക.രാജ്യസഭയിലും ബില്ല് പാസാകാനാണ് സാധ്യത.

രാജ്യസഭയിൽ പൗരത്വ നിയമ ഭേദഗതി ബില്ല് പാസായാൽ, ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button