ന്യൂഡൽഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ശക്തമായ വാദ പ്രതിവാദങ്ങൾക്കു ശേഷം125 പേരുടെ പിന്തുണയോടുകൂടിയാണ് ബില്ല് രാജ്യസഭ പാസാക്കിയത്.105 പേർ എതിർത്തു വോട്ടുചെയ്തു.ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രാജ്യസഭ വോട്ടിനിട്ട് തള്ളിയിരുന്നു. 124 അംഗങ്ങൾ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ എതിർത്ത് വോട്ടുചെയ്തു. 99 അംഗങ്ങൾ അനുകൂലിച്ചു.
ചരിത്രത്തിലെ സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിൽ മുസ്ലിം വിരുദ്ധമല്ലെന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നിർദേശത്തിന്റെ സാക്ഷാത്കാരം ആണെന്നും, ബിൽ ആരെയും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അനീതി നേരിടേണ്ടി വരുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. എന്നാൽ അത് അടിസ്ഥാന രഹിതമാണെന്നും അമിത് ഷാ പറഞ്ഞു. തുടർന്നാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്.
ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് സോണിയാഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതക്ക് എതിരായ വർഗീയ ശക്തികളുടെ വിജയമാണിതന്നും, ഈ ബില്ല് ഇന്ത്യയെ വിഭജിക്കുമെന്നും സോണിയാഗാന്ധി ആരോപിച്ചു. കോൺഗ്രസ് സഭാനേതാവ് ഗുലാം നബി ആസാദ് ബില്ലിന് പിന്നിലുള്ള താത്പര്യം ദേശവിരുദ്ധവും മനുഷ്യത്വ വിരുദ്ധവും ആണെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുള്ള ഇടത് അംഗങ്ങളായ ബിനോയ് വിശ്വവും കെകെ രാഗേഷും ബില്ലിന് പിന്നിലുള്ള അജണ്ട മുസ്ലിം വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു.
ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്സും മുസ്ലീം ലീഗും വ്യക്തമാക്കി.ലോക് സഭയിൽ ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
അതേസമയം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ 5000 അർധ സൈനികരെ അയച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ വിന്യസിച്ചിരുന്ന 2000 അർധ സൈനികർ അടക്കമുള്ളവരാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോയത്. അതിനിടെ, പൗരത്വ ബില്ലിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിൽ അസമിലെ ഗുവഹാട്ടിയിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി.