Top Stories
ശബരിമല അന്യദേശ ക്രിമിനലുകളുടെ ഒളിത്താവളമോ
പത്തനംതിട്ട : ശബരിമലയിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും അന്യദേശങ്ങളിൽ നിന്നുള്ള ക്രിമിനലുകൾ ജോലിക്കാർ എന്ന വ്യാജേന ഒളിച്ചു താമസിക്കുന്നു.
ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലിക്ക് നിൽക്കണമെങ്കിൽ, ക്രിമിനൽ കേസുകളിൽ പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന പോലീസ് ക്‌ളിയറൻസ് സർട്ടിഫക്കറ്റ് ആവശ്യമാണ്. എന്നാൽ ധാരാളം അന്യദേശത്തുനിന്നുള്ളവരും സ്വദേശികളുമായ ക്രിമിനലുകൾ ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിൽ ജോലിക്കാർ എന്ന വ്യാജേന ഒളിച്ചു താമസിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പോലീസുകാർ പരിശോധനക്ക് ചെല്ലുമ്പോൾ, ചെല്ലുന്ന വിവരം മുന്നേ കൂട്ടി അറിയുന്ന ഇവർ കടകളിൽ നിന്നും പരിശോധന സമയം അയ്യപ്പൻ മാരുടെ കൂട്ടത്തിലേക്ക് മാറുകയാണ് പതിവ്. അതിനാൽ പോലീസിനും ഇവരെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പോലീസിന്റെ നിതാന്ത ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് കഴിഞ്ഞ ഡിസംബർ 6 ന് അനിഷ്ട സംഭവങ്ങളൊന്നും ശബരിമലയിൽ ഉണ്ടാകാതിരുന്നത്.
ശബരിമലയിലെ വരുമാന വർദ്ധനവിൽ മാത്രം ലക്ഷ്യം വയ്ക്കുന്ന ദേവസ്വം ബോർഡ് ഇത്തരം കാര്യങ്ങളിൽ യാതൊരു ഇടപെടീലും നടത്തുന്നില്ല. ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ് ശബരിമലയിൽ ജോലിക്കുനിൽക്കുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നുള്ളത്. രാജ്യത്ത് തീവ്രവാദ ഭീഷണി നിലനിൽക്കെ ശബരിമലയിലെ ഈ സുരക്ഷാ വീഴ്ച ഗൗരവമായി കാണേണ്ടതാണ്.