Top Stories
ബിജെപിക്ക് അടിക്കാൻ വടികൊടുത്ത് രാഹുൽ ഗാന്ധി, സഭയിൽ ഭരണപക്ഷ പ്രതിഷേധം.
ഡൽഹി :രാഹുൽ ഗാന്ധിയുടെ ‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിൽ ഇരു സഭകളും സ്തംഭിപ്പിച്ച് ഭരണപക്ഷം. മന്തിമാരുൾപ്പെടെയുള്ള ഭരണപക്ഷ വനിതാ അംഗങ്ങൾ റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ രാഹുൽഗാന്ധി മാപ്പുപറയണമെന്നാവശ്യപ്പെട്ട്
ലോക് സഭയിലും രാജ്യ സഭയിലും പ്രതിഷേധിച്ചു.തുടർന്ന് ഇരു സഭകളും നിർത്തിവച്ചു.
പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതിനെതിരെ അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമങ്ങൾ ചർച്ച ചെയ്യാൻ ഒരുങ്ങിയ പ്രതിപക്ഷത്തിന്,വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ ബഹളത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.സഭ അനിശ്ചിത നാളത്തേക്ക് പിരിയുന്ന ഇന്ന് മറ്റൊരു ചർച്ചക്കും വഴികൊടുക്കാതെ ഭരണപക്ഷം ഈ അവസരം നന്നായി മുതലെടുക്കുകയും ചെയ്യ്തു.
രാജ്യത്തിനും, രാജ്യത്തിലെ സ്ത്രീകൾക്കും അപമാനകരമായ പരാമർശമാണ് രാഹുൽഗാന്ധി നടത്തിയതെന്നും, സഭക്കുള്ളിൽ രാഹുൽഗാന്ധി മാപ്പുപറയണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ഇന്ത്യയിൽ വർധിച്ചുവരുന്ന ബലാത്സംഗ കേസുകളിൽ ശ്രദ്ധകൊണ്ടുവരാനാണ് രാഹുൽ ഈ പരാമർശം നടത്തിയതെന്നും, സഭക്ക് പുറത്താണ് രാഹുൽ പറഞ്ഞതെന്നും ഡിഎംകെ എംപി കനിമൊഴി രാഹുലിനെ ന്യായീകരിച്ചു.
പ്രസ്താവനയിൽ മാപ്പ് പറയില്ലെന്ന് രാഹുൽഗാന്ധി പ്രതികരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണ് ബിജെപി യുടെ പ്രതിഷേധം എന്നും രാഹുൽഗാന്ധി പറഞ്ഞു.ഡൽഹി ബലാത്സംഗത്തിന്റെ തലസ്ഥാനമാണ് എന്ന് പണ്ട് മോദി പറഞ്ഞിരുന്നുവെന്നും, ആദ്യം മോദി മാപ്പ് പറയട്ടെയെന്നും രാഹുൽ പ്രതികരിച്ചു.
ജാർഖണ്ഡിലെ പ്രചാരണ യോഗത്തിലാണ് ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന പരാമർശം രാഹുൽ ഗാന്ധി നടത്തിയത്.