ശബരിമലയിലെ സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ല: സുപ്രീംകോടതി
ഡൽഹി : ശബരിമലയിൽ കയറാൻ അനുവദിക്കണമെന്ന രഹന ഫാത്തിമയുടെയും, ബിന്ദു അമ്മിണിയുടെയും ഹർജികൾ സുപ്രീം കോടതി മാറ്റിവച്ചു.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് വിധിപറയാതെ മാറ്റിവച്ചത്.രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സ്ഫോടനാത്മകമാണ്, വയലൻസ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ഹര്‍ജികൾ മാറ്റിവവച്ചത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും ശബരിമലയിലെ സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്ഥിതിഗതികൾ വൈകാരികമാണ്. അതുകൊണ്ടാണ് വിഷയം ഏഴംഗ ബെഞ്ചിലേക്ക് വിട്ടത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്ക് സ്റ്റേയില്ലെന്ന ഇന്ദിരാ ജെയ്സിങിന്റെ വാദത്തെ അംഗീകരിക്കുന്നു. എന്നിരുന്നാലും ക്ഷേത്ര പ്രവേശനം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്ന് ഇപ്പോൾ ഉത്തരവിടാനാവില്ല. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ വിശാല ബെഞ്ച് പരിഗണിക്കട്ടെ അത് വരെ സമാധാനമായി ഇരിക്കു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.