News

സിസ്റ്റെർ അഭയയുടെ തലയ്ക്ക് കോടാലി കൊണ്ട് ശക്തമായ അടിയേറ്റിരുന്നുവെന്ന് ഫോറൻസിക് സർജൻ

തിരുവനന്തപുരം: സിസ്റ്റെർ അഭയയുടെ തലയ്ക്ക് കെെക്കോടാലി കൊണ്ട് ശക്തമായ അടിയേറ്റിരുന്നുവെന്നും, ബോധരഹിതയായി കിണറ്റിൽ വീണ അഭയയുടെ ശ്വാസകോശത്തിൽ വെളളം കയറിയതാണ് മരണത്തിന് ഇടയാക്കിയതെന്നും ഫോറൻസിക് സർജന്റെ മൊഴി.അഭയയുടെ മൃതദേഹം പോസ്ററ്മോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. സി.രാധാകൃഷ്ണപിളളയാണ് സി.ബി.ഐ പ്രത്യേക കോടതിയിൽ മൊഴി നൽകിയത്.

അഭയയുടെ തലയിലെ മുറിവുകൾ കിണറ്റിൽ വീണപ്പോൾ ഉണ്ടായതല്ല. ആഴത്തിലുളള മുറിവിൽ തലച്ചോറിന് ക്ഷതമേറ്റു. വെളളത്തിൽ വീണുള്ള സ്വാഭാവിക മരണമായിരുന്നെങ്കിൽ മരണ വെപ്രാളത്തിനിടെ കിണറ്റിലെ ചെളിയിലും പായലിലും അളളിപ്പിടിക്കുമായിരുന്നു.
അങ്ങനെ വന്നാൽ അതിന്റെ ലക്ഷണങ്ങൾ കൈകളിൽ ഉണ്ടായേനെ.മാത്രമല്ല  ആമാശയത്തിലും മണ്ണും ചെളിയും കാണുമായിരുന്നു. വെളളം ശ്വാസകോശത്തിൽ കടന്നതുകാരണം ശ്വാസം മുട്ടി മരിച്ചതു കൊണ്ടാണ് മുങ്ങി മരണമെന്ന് റിപ്പോർട്ട് ചെയ്തത് എന്നും അദ്ദേഹം മൊഴി നൽകി.

സംഭവ സ്ഥലം സന്ദർശിക്കണമെന്ന് പൊലീസ് തന്നോട് ആവശ്യപ്പെട്ടിരുന്നില്ലന്നും അഭയയുടെ ഇൻക്വസ്ററ് റിപ്പോർട്ട് , മരണസമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് തന്നെ കാണിച്ചിരുന്നില്ലന്നും അദ്ദേഹം മൊഴി നൽകി. ആയിരത്തോളം പോസ്റ്റുമോർട്ടം നടത്തിയിട്ടുണ്ടെങ്കിലും ഈ കേസിലാണ് ആദ്യമായി മജിസ്ട്രേട്ടിന് രഹസ്യ മൊഴി നൽകിയതെന്നും ഡോക്ടർ സി. രാധാകൃഷ്ണപിള്ള സിബിഐ പ്രത്യേക കോടതിയിൽ വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button