News
തിരുവനന്തപുരത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ
തിരുവനന്തപുരം: വട്ടിയൂർക്കാവ് കുടപ്പനക്കുന്നിൽ വാടക വീട്ടിൽ പെൺവാണിഭം നടത്തിയ കേസിൽ മൂന്നുപേർ പോലീസ് പിടിയിൽ. മാലദ്വീപ് സ്വദേശി ഫുലു(60), തിരുവനന്തപുരം, കൊച്ചി സ്വദേശിനികളായ രണ്ട് യുവതികൾ എന്നിവരെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്.നടത്തിപ്പുകാരൻ രമേശ് കുമാർ ഓടി രക്ഷപ്പെട്ടു.
വെള്ളനാട് സ്വദേശി രമേശ് കുമാർ എന്നയാളാണ് കുടപ്പനക്കുന്ന് എ.കെ.ജി. നഗറിലെ വാടക വീട്ടിൽ
പെൺവാണിഭകേന്ദ്രം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങളിൽ അസമയത്ത് പോലും നിരന്തരമായി സ്ത്രീകളും പുരുഷന്മാരും വന്നു പോകുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് വീട് റെയ്ഡ് ചെയ്യുകയായിരുന്നു.രണ്ടാഴ്ച മുൻപാണ് ഇവർ കുടപ്പനക്കുന്നിനടുത്ത് വീടെടുത്തത്.
നേരത്തെ ഈ സംഘം മണ്ണന്തല, മുട്ടട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞാണ് ഇവർ ഇടയ്ക്കിടെ സ്ഥലം മാറിയിരുന്നത്.
കോടതിയിൽ ഹാജരാക്കിയ ഫുലുവിനെ റിമാൻഡ് ചെയ്തു. യുവതികളെ ജാമ്യത്തിൽ വിട്ടു.