24 മണിക്കൂറിനിടെ രാജ്യത്ത് 1,334 കോവിഡ് കേസുകളും 27 മരണങ്ങളും റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,334 പുതിയ കോവിഡ് കേസുകളും 27 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്-19 കേസുകളുടെ എണ്ണം 15, 712 ഉം ആകെ കോവിഡ് മരണം 507 ഉം ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.
അതേസമയം, 2,231 പേർ ഇതിനോടകം രാജ്യത്ത് രോഗമുക്തി നേടി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗുരുതരാവസ്ഥയിലായ രോഗികളെ പരിചരിക്കാൻ രാജ്യത്ത് 755 കോവിഡ് ആശുപത്രികളും 1,389 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളുമുൾപ്പെടെ 2,144 കോവിഡ് ചികിത്സാ കേന്ദ്രങ്ങളുണ്ടന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇതുവരെ 3,86,791 ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്ന് ഐ.സി.എം.ആർ. വക്താവ് ഡോ. രമൺ ആർ ഗംഗാഖേദ്കർ പറഞ്ഞു. ഇതിൽ 37,173 ടെസ്റ്റുകൾ നടത്തിയത് ശനിയാഴ്ചയാണ്. ഇതിൽ 29,287 ടെസ്റ്റുകൾ ഐ.സി.എം.ആറിന്റെ 194 ലാബുകളിലും, 7,886 ടെസ്റ്റുകൾ സ്വകാര്യമേഖലകളിലെ ലാബുകളിലുമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.