Politics

രണ്ടില കൈവിട്ട ജോസ് കെ മാണി, കേരളാ കോൺഗ്രസ് പുതിയ വഴിത്തിരിവിൽ

വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യ്ത കേരളാ കോൺഗ്രസ് ഇപ്പോൾ തളർന്നുകൊണ്ടിരിക്കയാണ്.തന്നെ എതിർക്കുന്നവരെയും തന്നോട് അഭിപ്രായ വ്യത്യാസമുള്ളവരെയും ഒപ്പം നിർത്തി സമർത്ഥമായി പാർട്ടിയെ നയിച്ചിരുന്ന നേതാവാണ് കെ എം മാണി. എന്നാൽ മാണിയുടെ മകനായ ജോസ് കെ മാണി അഛന്റെ കുപ്പായം അണിഞ്ഞെങ്കിലും അത് അദ്ദേഹത്തിന് ഒട്ടും പാകമല്ലന്ന്  തെളിയിക്കുന്നതാണ് കേരളാ കോൺഗ്രസ്സിൽ നടക്കുന്ന സംഭവവികാസങ്ങൾ.

പി ജെ ജോസഫിന് എം പി സ്ഥാനം നല്കാനും പാർട്ടി ചെയർമാൻ സ്ഥാനം ജോസ് കെ മാണി ഏറ്റെടുക്കാനും അദ്ദേഹത്തിന്റെ അഭ്യൂദയാ കാംക്ഷികൾ ഉപദേശിച്ചെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ ജോസിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ അടിതെറ്റുകയാണ്.

ധാർഷ്ട്യം നിറഞ്ഞ സംസാരവും അഹന്ത നിറഞ്ഞ പെരുമാറ്റവുമാണ് ജോസിന് വിനയായി മാറുന്നതെന്ന് ജോസിനോടൊപ്പം നിൽക്കുന്നവർതന്നെ രഹസ്യമായി പറയുന്നതാണ്.കെ എം മാണി ജീവിച്ചിരുന്ന കാലത്ത്തന്നെ പല സീനിയർ നേതാക്കന്മാർക്കും ജോസിനോട് വെറുപ്പായിരുന്നു. എന്നാൽ എല്ലാവരുടെയും പ്രിയപ്പെട്ട മാണിസാറിന്റെ മുഖത്തു നോക്കി എതിർക്കാൻ കഴിയാത്തതിനാൽ അസംതൃപ്തി ഉള്ളിലൊതുക്കി കഴിയുകയായിരുന്നു .മാണിയുടെ മരണത്തൊടെ മൂടിവച്ച എതിർപ്പ് അണപൊട്ടി ഒഴുകുന്നതായാണ് കേരള കോൺഗ്രസിൽ കാണാൻ കഴിയുന്നത്.

കെ എം മാണിയുടെ വിശ്വസ്തരായ സി എഫ് തോമസ്, ജോയ് എബ്രഹാം, അറക്കൽ ബാലകൃഷ്ണപിള്ള തുടങ്ങിയ സീനിയർ നേതാക്കന്മാരെല്ലാം ജോസ് കെ മാണിക്ക് എതിരായി തിരിഞ്ഞത് പാർട്ടിക്കാരെയെല്ലാം അത്ഭുതപ്പെടുത്തി .ജോസിന്റെ തന്നെ വലം കൈയ്യായിരുന്ന വിക്ടർ ടി തോമസ്സും പാർട്ടി തിരുവനന്തപുരം  ജില്ലാകമ്മിറ്റി പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചനും ഇന്ന് പി ജെ  ജോസഫിനൊപ്പമാണ് . മാണിയുടെ സന്തതസഹചാരിയും പേഴ്സണൽ അസിസ്റ്റന്റുമായിരുന്ന സിബിയെപ്പോലും തന്റെ ഒപ്പം നിർത്താൻ ജോസിനു കഴിഞ്ഞില്ല.

ഇപ്പോൾ ജോസ് കെ മാണിയുടെ മാർഗദർശികൾ അഴിമതി ആരോപണ വിധേയനായ ജന്നിംഗ്സും പഴയ കമ്മ്യൂണിസ്റ്റ്കാരനായ പ്രമോദ് നാരായണനുമാണ് . പ്രമോദ് നാരായണനെ ജോസ് തന്റെ കേരള യാത്രയുടെ മുന്നിൽ നിർത്തിയത് സീനിയർ നേതാക്കന്മാരുടെ എതിർപ്പ് വകവയ്ക്കാതെയാണ്.ഇവരുടെ സ്വാധീനവും സ്വാർത്ഥതാല്പ്പര്യങ്ങളും ജോസിനെ കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ് .

ജോസ് കെ മാണിയുടെ ഭാര്യ നിഷ നേരിട്ടല്ലങ്കിലും പാർട്ടിയുടെ നിലപാടുകളെ സ്വാധീനിക്കുന്നത് കേരളാ കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിൽ മറ്റൊരു അധികാര കേന്ദ്രംകൂടി സൃഷ്ട്ടിച്ചിരിക്കുകയാണ്. പാർട്ടിസ്ഥാനങ്ങൾ കൈവശപ്പെടുത്താൻ എളുപ്പ മാർഗം എന്ന നിലയിൽ ചോട്ടാ നേതാക്കൾ നിഷയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ നടത്തുന്ന ശ്രമങ്ങൾ ഒരു കോമഡി ഷോയുടെ നിലയിലേക്ക് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തെ തരം താഴ്ത്തിയിരിക്കുന്നു.

ജനങ്ങളെ ആകർഷിക്കത്തക്ക വിധം പ്രസംഗിക്കാനൊ അണികൾക്കാത്മ വിശ്വാസം പകരും വിധം പ്രവർത്തിക്കാനോ ജോസിനു കഴിയുന്നില്ല.തീരുമാനമെടുക്കുന്നതിലെ കാലതാമസ്സമാണ് ജോസിന്റെ മറ്റൊരു പരിമിതി. കൃത്യമായ ദിശാബോധമോ രാഷ്ട്രീയ ഇഛാശക്തിയൊ ഇല്ലാത്ത ജോസ് കെ മാണിക്ക് കാറും കോളും നിറഞ്ഞ കേരള രാഷ്ട്രീയത്തിൽ എത്ര കാലം തന്റെ പാർട്ടിയെ നയിക്കാൻ കഴിയുമെന്ന ചോദ്യത്തിന് കാലമാണ് മറുപടി പറയേണ്ടത്.പാല നിയോജക മണ്ഡലം കൈവിട്ട തോടെ സ്വന്തമായി ഒരു മണ്ഡലമില്ലാത്ത സ്ഥിതിയിലാണ് ജോസ്. ജോസഫിന്റെ കൂടി പിൻതുണയില്ലാതെ ഇടുക്കിയിൽ ജയിക്കാൻ ബുദ്ധിമുട്ടാണന്ന സത്യം അറിയാവുന്ന റോഷി അഗസ്റ്റിന്റെ നിലപാടുകൾ കാത്തിരുന്നാൽ മാത്രമെ കാണാൻ കഴിയൂ.

ജോസ് കെ മാണിക്കൊപ്പം നില്ക്കുന്നവർക്കു പോലും അദേഹത്തെ ഒരു നേതാവായി കാണാൻ കഴിയുന്നില്ല എന്ന വൈരുദ്ധ്യമാണ് ഇപ്പേൾ ജോസിന്റ ഗ്രൂപ്പ് നേരിടുന്ന വലിയ വെല്ലുവിളി. രണ്ടില കൂടി നഷ്ട്ടമായ സാഹ ചര്യത്തിൽ സ്ഥിതി കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.

പിളർന്നുപോയ പഴയ കേരളാ കോൺഗ്രസുകൾ ഒന്നിക്കാനുള്ള ചില നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. കെ എം ജോർജിന്റെ മകനായ ഫ്രാൻസിസ് ജോർജിന് മാണിയുടെ മകനൊടുള്ള അകൽച്ച എല്ലാവർക്കും അറിയാവുന്നതാണ്. മറ്റൊരാൾ പി സി ജോർജാണ്. പി സി ജോർജിന്റെ നിലപാടുകൾ പരസ്യമാണ്. ഇപ്പോൾ എൻഡിഎയിലുള്ള പി ടി ചാക്കോയുടെ മകൻ പി സി തോമസ് കെ എം മാണിയുടെ ഭാര്യ കുട്ടി അമ്മയുടെ ബന്ധുവാണ്.എന്നാൽ അദ്ദേഹവും ജോസുമായി അകൽച്ചയിലാണ്. എല്ലാവരുടെയും പൊതുശത്രുവായ ജോസ് കെ മാണിക്കെതിരെ മറ്റു കേരളാകോൺഗ്രസുകൾ ഒന്നിച്ചാൽ അത്ഭുതപ്പെടണ്ട കാര്യമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button