Cinema
ഷെയ്ൻ നിഗം പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചു പ്രശ്നത്തിൽ ഫെഫ്ക ഇടപെടില്ല:ബി. ഉണ്ണികൃഷ്ണൻ
കൊച്ചി : നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് ചർച്ചകളിൽ ഫെഫ്ക ഇടപെടില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടു. ചിത്രീകരണ സമയവുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞതെല്ലാം നുണയാണെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. 24 ന്യൂസ് ചാനലിന്റെ 360 എന്ന പ്രോഗ്രാമിലാണ് ബി. ഉണ്ണികൃഷ്ണൻ ഫെഫ്കയുടെ നിലപാട് വ്യക്തമാക്കിയത്.
ആരെയും അറിയിക്കാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുക എന്നതൊക്കെ കേട്ടറിവില്ലാത്ത കാര്യമാണ്. പാക്കപ്പ് പറഞ്ഞു എന്ന് ഷെയ്ൻ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഷെയ്‌നെ കാണാതാകുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
തന്റെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയിട്ടുണ്ടെന്നും എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും ഷെയ്ൻ താരസംഘടന എഎംഎംഎയുടെ ഭാരവാഹികളെ അറിയിച്ചതായാണ് അറിയാൻ കഴിഞ്ഞത്. ഷെയ്ൻ ഒരു സെറ്റിൽ എത്ര മണിക്കൂർ ജോലി ചെയ്തു എന്നത് സംബന്ധിച്ച് തങ്ങളുടെ കൈയിൽ കണക്കുണ്ട്. അസിസ്റ്റന്റ് ഡയറക്ടർമാരോട് വളരെ മോശമായാണ് ഷെയ്ൻ പെരുമാറിയത്. അതിന്റെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ 24 ന്യൂസിന്റെ 360 യിൽ പറഞ്ഞു.