Top Stories
ഡൽഹിയിൽ തെരുവ് യുദ്ധം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തുന്നു. ജാമിയ മിലിയ സർവകലാശാലയിലും അലിഗഡ് സർവകലാശാലയിലും സംഘർഷം. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾക്കു നേരെ പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് യുപിയിലെ അലിഗഡ് മുസ്ലിം സർവകലാശാലയിലും വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി.
പൊലീസ് അനുവാദമില്ലാതെ കാമ്പസിൽ കയറി പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തല്ലിച്ചതച്ചതായും ലൈബ്രറിയും പള്ളിയും മറ്റും തകർത്തതായും റബ്ബർബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചതായും ആരോപണമുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. നൂറിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.
ജാമിയയിലെ സംഭവത്തിൽ പ്രതിഷേധിച്ച് ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലയിലെ വിദ്യാർഥികളും മറ്റു പ്രക്ഷോഭകരും ചേർന്ന് രാത്രിയിൽ ഡൽഹിയിലെ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേയ്ക്ക് മാർച്ച് നടത്തി.
കാമ്പസിനു പുറത്ത് പ്രതിഷേധക്കാർ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നാല് ബസുകൾക്ക് തീയിട്ടു. യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബൈക്കിൽ നിന്ന് എടുത്ത പെട്രോൾ ബസുകളിൽ ഒഴിച്ച് കത്തിക്കുകയായിരുന്നു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും കത്തിച്ചു. അഗ്‌നിശമനസേനയുടെ രണ്ടു വാഹനങ്ങളും തകർത്തു. രാത്രി വൈകി ഡൽഹി പൊലീസ് ആസ്ഥാനത്ത് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
ജാമിയയിലെ വിദ്യാർത്ഥകൾ സന്നദ്ധപ്രവർത്തകർക്കും നാട്ടുകാർക്കുമൊപ്പം നടത്തിയ റാലിയാണ് അഞ്ച് മണിക്കൂറോളം നീണ്ട അക്രമത്തിൽ കലാശിച്ചത്. ആയിരക്കണക്കിന് പേരാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്.