Top Stories
പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല : സുപ്രീം കോടതി
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കുമെന്നും എന്നാൽ പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വ്യക്തമാക്കി.ജാമിയ മിലിയയിലെ സംഘർഷത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന ഇന്ദിര ജെയ്സിങ്ങിന്റെ ആവശ്യത്തോട് പ്രതികരിക്കയാണ് ചിഫ് ജസ്റ്റിസ് അക്രമങ്ങളെ വിമർശിച്ചത്.
ജാമിയ മിലിയ, അലിഗഢ് സർവകലാശാലകളിലെ പോലീസ് നടപടിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന ആവശ്യത്തിൽ ചൊവ്വാഴ്ച വാദം കേൾക്കാമെന്നും അദ്ദേഹം അറിയിച്ചു.
ജാമിയ മിലിയയിലെ സംഘർഷത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും സർവകലാശാലകളിൽ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ദിര ജയ്‌സിംഗ് വാദിച്ചു.എന്നാൽ ആദ്യം ഈ അക്രമങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും എന്നിട്ട് സ്വമേധയാ കേസെടുക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് തങ്ങൾ എതിരല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.