Top Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്തപ്രതിഷേധം. 

തിരുവനന്തപുരം : പൗരത്വഭേദഗതി ബില്ലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും ചേർന്നുള്ള സംയുക്ത പ്രക്ഷോഭം ഇന്ന്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംയുക്തപ്രതിഷേധം.

രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സത്യാഗ്രഹ സമരമിരിക്കും.മന്ത്രിമാരും ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ അണിചേരും. രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി തന്നെ സമരത്തിനിറങ്ങുന്നത്.

പൗരത്വഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്ത പ്രക്ഷോഭത്തിന് തീരുമാനമായത്.
പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനത്ത് അത് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയും മതനിരപേക്ഷതയും അട്ടമറിക്കുന്ന ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തുടർന്നാണ് ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്.

സിപിഎമ്മുമായി ചേർന്നുളള സമരത്തിനെതിരെ യുഡിഎഫിൽ ഒരുവിഭാഗത്തിന് അസംതൃപ്തിയുണ്ടെങ്കിലും പൊതുവിഷയത്തിനായി ഒന്നിച്ചുനിൽക്കുകയെന്ന നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിക്കുകയായിരുന്നു.
നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button