Top Stories
ഹർത്താൽ:സംസ്ഥാനത്ത് സുരക്ഷ ശക്തം ,സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി.ഹർത്താലിന്റെ പേരിലുള്ള അക്രമങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി നിർദ്ദേശം നൽകി. സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തി.
സംസ്ഥാനത്ത് പൊലീസിന് അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഹർത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി. നിർദേശം നൽകി. റോഡ് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോലീസ് തുടർച്ചയായി റോന്തുചുറ്റും.അടിയന്തര സാഹചര്യം നേരിടാൻ പോലീസ് കൺട്രോൾ റൂമുകളിൽ അഗ്നിരക്ഷാസേന സ്ട്രൈക്കിങ് സംഘത്തെ വിന്യസിച്ചു.
പ്രശ്നസാധ്യതയുള്ള മേഖലകളിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചു. പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാൻ അനുവദിക്കില്ല.സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, കോടതികൾ, കെ.എസ്.ഇ.ബി. എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ പോലീസ് സംരക്ഷണം നൽകും. കെ.എസ്.ആർ.ടി.സി. സർവീസ് നടത്താൻ പോലീസ് അകമ്പടി നൽകും.
ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്കൂൾ പരീക്ഷകൾക്കു മാറ്റമില്ലന്നും, നിശ്ചയിച്ച സമയത്തുതന്നെ പരീക്ഷകൾ നടക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു.