എൻഐഎ ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി : എൻ ഐ എ യുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് നദിമിനെയാണ് മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് മയക്കുമരുന്നും എയർ ഗണ്ണുകളും പിടിച്ചെടുത്തു.ബോൾഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചുവരികെയാണ് നദീമിനെ പൊലീസ് പിടികൂടിയത്.
ബോൾഗാട്ടിയിലെ ഹോട്ടലിൽ താമസിച്ചിരുന്ന ഇയാളുടെ മുറിയിൽ നിന്നും സാധനങ്ങൾ മോഷണം പോയിഎന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും നദീം ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. പൊലീസിന് മാത്രമേ ദൃശ്യങ്ങൾ കൈമാറാൻ കഴിയൂ എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഈ സമയം താൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് മൊബൈലിൽ ഉണ്ടായിരുന്ന വ്യാജ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ കാണിച്ചു. ഇതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്ന് കഞ്ചാവും ലഹരി മരുന്നും ഒരു എയർ ഗണ്ണും എയർ പിസ്റ്റളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എൻഐഎ ഉദ്യോഗസ്ഥർ എത്തി നദീമിനെ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം എൻ ഐ എ യും നടത്തും.