സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മാസം 25 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കാണ് സാധ്യത.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ആലപ്പുഴ ഒഴികെ വയനാട് മുതല്‍ പത്തനംതിട്ട വരെ നാളെയും യെലോ അലര്‍ട്ടുണ്ട്. ഇന്നലെ രാവിലെ കാര്യമായ മഴയുണ്ടായില്ലെങ്കിലും പിന്നീട് ഇടുക്കി ഉള്‍പ്പെടെ പലയിടങ്ങളിലും മഴ ശക്തമായി.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. ചെറുതോണി അണക്കെട്ടില്‍ ചൊവ്വാഴ്ച ഷട്ടര്‍ തുറക്കുമ്പോള്‍ 2398.08 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി പത്തിന് 2398.30 അടിയായി വര്‍ധിച്ചു. അണക്കെട്ടിന്റെ പൂര്‍ണശേഷി 2403 അടിയാണ്. പുതുക്കിയ റൂള്‍ കര്‍വ് പ്രകാരം നിലവില്‍ ഇടുക്കി ഡാമില്‍ അനുവദിനീയമായ ജലനിരപ്പ് 2399.31 അടിയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
മുല്ലപെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. 135. 30 അടിയണ് ഇപ്പോള്‍ ജലനിരപ്പ്.136 അടി കവിഞ്ഞാല്‍ സ്പില്‍വേയിലെ ഷട്ടറുകളിലേക്കു വെള്ളമെത്തും. പിന്നീട് എപ്പോള്‍ വേണമെങ്കിലും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കാം. കക്കി, ഷോളയാര്‍, പൊന്മുടി, പെരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പീച്ചി അണക്കെട്ടുകളിലും റെഡ് അലര്‍ട്ടാണ്. കൂടാതെ മാട്ടുപ്പെട്ടി, ചിമ്മിണി, ചുള്ളിയാര്‍, മലമ്പുഴ, മംഗലം, മീങ്കര അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.