Top Stories
ഡി ജി പി യുടെ സർക്കുലറിന് പുല്ലുവില
“ഇനി ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായാൽ ജില്ലാ പോലീസ് മേധാവിക്കായിരിക്കും ഉത്തരവാദിത്തം” കൊല്ലത്ത് വാഹന പരിശോധനക്കിടെ സിവിൽ പോലീസ് ഓഫീസർ ബൈക്ക് യാത്രക്കാരനെ ലാത്തിക്കെറിഞ്ഞുവീഴ്ത്തിയ സംഭവത്തിൽ പോലീസ് മേധാവി പ്രതികരിച്ചത് ഇങ്ങനെയാണ്.
ഈ പ്രതികരണം ഉണ്ടായിട്ട് ദിവസങ്ങൾ ആയില്ല ദാ വീണ്ടും ആലപ്പുഴയിൽ ഇരുട്ടു വാക്കിലുള്ള വളവിൽ വാഹനപരിശോധന ചോദ്യം ചെയ്ത സർക്കാരുദ്യോഗസ്ഥന്റെ പല്ല് പോലീസ് ഉദ്യോഗസ്ഥർ അടിച്ചു കൊഴിച്ചു.തിരുവനന്തപുരം പി.എസ്.സി. ഓഫീസിലെ ഉദ്യോഗസ്ഥൻ രമേഷ് എസ്.കമ്മത്തിനാണ് ക്രൂരമായ പോലീസ് മർദനമേറ്റത്.
വാഹന പരിശോധനയിൽ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ചുള്ള ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങൾക്കും, ഡിജിപി യുടെ സർക്കുലറിനും,ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കുമൊക്കെ പുല്ലുവിലയാണ് കേരളാപോലീസിലെ ചില ഉദ്യോഗസ്ഥർ നൽകുന്നതെന്ന് വീണ്ടും തെളിയിച്ചിരിക്കയാണ്.
ആക്രമണത്തിൽ രമേഷിന്റെ ഒരുപല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരിക്കേൽക്കുകയും ചെയ്തു.14-ാം തിയതി സന്ധ്യയ്ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷമാണ്
രമേഷ് പരാതി നൽകിയത്.
റോഡിലെ വളവിൽ ഇരുട്ടിൽ ബൈക്ക് തടഞ്ഞ് മദ്യപിച്ചോ എന്ന് പരിശോധിച്ച പോലീസിനോട്, വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡി.ജി.പി.യുടെ സർക്കുലർ ഇല്ലേയെന്നു ചോദിച്ച് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാണ് പോലീസ് ആക്രമണത്തിന് കാരണം. രമേശ് എസ് കമ്മത്തിന്റെ തലയ്ക്കും കണ്ണിനും പല്ലിനും ഇടിക്കുകയും ജനനേന്ദ്രിയത്തിന് പരിക്കേൽപ്പിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ചും ഉപദ്രവിച്ചു.
മെഡിക്കൽ പരിശോധനയിൽ മർദിച്ചെന്ന് പറയരുതെന്നു ഭീഷണിപ്പെടുത്തി. പോലീസിന്റെ ജോലിക്ക് തടസ്സംനിന്നു എന്ന വകുപ്പിൽ കേസെടുത്ത് ജാമ്യത്തിൽ അയയ്ക്കുകയായിരുന്നു.
പോലീസിനെതിരേ പരാതിപ്പെടാൻ ഭയന്നിരിക്കുമ്പോൾ പി.എസ്.സി. ചെയർമാൻ എം.കെ.സക്കീർ ഇടപെട്ടാണ് ഡി.ജി.പി.ക്ക് പരാതി നൽകിയതെന്നും രമേഷ് എസ്.കമ്മത്ത് പറയുന്നു.
പകുതി ശമ്പളവും വാങ്ങി സസ്പെൻഷനിൽ സുഖവാസത്തിന് വിടാതെ, ഇങ്ങനെ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് മറ്റുള്ള ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുകയാണ് ജനക്ഷേമം ആഗ്രഹിക്കുന്ന ഒരു ജനകീയ ജനാധിപത്യ സർക്കാരിന്റെ കടമ.