News
പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു.
കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
കോഴിക്കോട്ട് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലൊക്കേഷൻ കാണാൻ എത്തിയതായിരുന്നു. ദേഹംകുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ സഹോദരനാണ്.
1947 തമിഴ്‌നാട്ടിലെ മധുരന്ദകം എന്ന സ്ഥലത്താണ് രാമചന്ദ്രബാബുവിന്റെ ജനനം. ബിഎസ്‌സി പഠനത്തിന് ശേഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഛായാഗ്രഹണം പൂർത്തിയാക്കി. പുണെയിലെ സഹപാഠിയായിരുന്ന ജോൺ എബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
നിർമാല്യം, ബന്ധനം, സൃഷ്ടി, സ്വപ്നാടനം, മേള, കോലങ്ങൾ, ദ്വീപ്, അമ്മെ അനുപമെ, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, രതിനിർവേദം, ചാമരം, നിദ്ര, മർമരം, മണിയൻപിള്ള അഥവാ മണിയൻപിള്ള, ഒരു വടക്കൻ വീരഗാഥ, ഗസൽ, കന്മദം എന്നിവയാണ് രാമചന്ദ്രബാബു ക്യാമറ ചലിപ്പിച്ച പ്രധാന ചിത്രങ്ങൾ.
നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങൾക്കും അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.