Top Stories
തിരുപ്പിറവിയുടെ ഓർമകളിൽ ലോകം
ലോകം മുഴുവൻ ശാന്തിയുടെയും സമാധാനത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകർന്ന് തിരുപിറവിയുടെ നന്മയുമായി ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. സന്മനസുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച് ദൈവപുത്രൻ ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ പുതുക്കുകയാണ് വിശ്വാസികൾ. ബെത്ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവെച്ചും ദേവാലയങ്ങളിൽ പ്രത്യേകം പ്രാർഥനകൾ നടന്നു.
വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. ക്രിസ്തുവന്റെ ജന്മസ്ഥലമായ ബെത്ലഹേമിലെ പാതിരാകുർബാനയിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
കേരളത്തിലെ ദേവാലയങ്ങളിൽ രാത്രിയിൽ പാതിരാ കുർബാനയും,ക്രിസ്മസ് ശുശ്രൂഷകളും നടന്നു.വിവിധ ദേവാലയങ്ങളിൽ നടന്ന തിരുകർമങ്ങളിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബെസലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും മറ്റു തിരുക്കർമങ്ങൾക്കും നേതൃത്വം നൽകി. മനുഷ്യജീവന് വിലകൊടുക്കാത്തവർ വർധിച്ചുവരികയാണെന്നും മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കുന്നവർ ലോകത്തെല്ലായിടത്തുമുള്ളതുപോലെ ഇന്ത്യയിലമുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ കുരിശേന്തിയ പ്രദക്ഷിണവും തീയുഴിച്ചിലും നടന്നു.പാളയം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച് ബിഷപ്പ് ഡോ. എം സൂസേപാക്യം തിരുപിറവി പ്രർഥനകൾക്ക് കാർമികത്വം വഹിച്ചു.തൃശൂർ മരത്തൻകോട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് പരിശുദ്ധ കതോലിക്കാ ബാവ നേതൃത്വം നൽകി.