Top Stories
പൊളിക്കാൻ സമയം കുറിച്ച് സർക്കാർ, പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
കൊച്ചി: ജനുവരി 11നും12നും മരടില്‍ ഫ്ലാറ്റ് പൊളിക്കാൻ തീരുമാനിച്ച് സർക്കാർ. സമയക്രമം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാരും. പരിസരവാസികളുടെ വീടുകള്‍ക്ക് മതിയായ പരിരക്ഷ ഉറപ്പാക്കാതെയുള്ള പൊളിക്കലിനെതിരെയാണ് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.വീടുകള്‍ക്ക് കേടുപാടുണ്ടായാല്‍ നഷ്ടപരിഹാരം എളുപ്പത്തില്‍ ലഭ്യമാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പരിസരവാസികളുടെ ആശങ്കകൾ പരിഹരിക്കാതെയുള്ള പൊളിക്കൽ സമയക്രമം തീരുമാനിച്ച സബ്കളക്ടറുടെ നടപടി ഏകപക്ഷീയമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ആശങ്കകള്‍ പരിഹരിക്കാതെ പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോയാല്‍ വീടുകളില്‍ നിന്നൊഴിയാതെ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
ആള്‍ത്താമസം കുറഞ്ഞ പ്രദേശത്തെ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കണമെന്നും,
പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപത്തെ വീടുകള്‍ക്ക് മതിയായ പരിരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു.
ഇവ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി. ഇതിനിടെയാണ് ആള്‍ത്താമസം കൂടുതലുള്ള പ്രദേശത്തെ ആല്‍ഫാ ഫ്ലാറ്റുകള്‍ ആദ്യ ദിവസം പൊളിക്കാന്‍ സബ് കളക്ടർ തീരുമാനിച്ചത്.
ജനുവരി 11 രാവിലെ 11 മണിക്ക് 19 നിലകളുള്ള ഹോളി ഫെയ്‍ത്ത് ഫ്ലാറ്റ് പൊളിക്കും.എഡിഫെസ് കമ്പനിക്കാണ് പൊളിക്കൽ ചുമതല. ജനുവരി 11, 11.30 ന് ആൽഫ സെറീൻ ടവേഴ്‍സ് പൊളിക്കും. വിജയ സ്റ്റീൽ എന്ന കമ്പനിക്കാണ് പൊളിക്കൽ ചുമതല. ജനുവരി 12ന് രാവിലെ 11 മണിക്ക് ജെയ്ൻ കോറൽ കോവ് പൊളിക്കും, എഡിഫെസ് കമ്പനിക്കാണ് പൊളിക്കൽ ചുമതല.ജനുവരി 12- ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോൾഡൻ കായലോരത്തിന്റെയും പൊളിക്കൽ നടപടികൾ തുടങ്ങും. എഡിഫെസ് കമ്പനിക്കാണ് പൊളിക്കൽ ചുമതല.