News
കമലിനും അഷിഖ്അബുവിനും എതിരെ ബാലാവകാശകമ്മീഷനിൽ പരാതി
തിരുവനന്തപുരം: സംവിധായകരായ കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി നൽകി.കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതി. യുവമോർച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നൽകിയത്.കൊച്ചിയിൽ നടന്ന പൗരത്വ പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതാണ് പരാതിക്ക് കാരണം.
കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിൽപൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. നിരവധി സിനിമാപ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ നിരവധി കുട്ടികളേയും അണിനിരത്തിയിരുന്നു.
സിനിമാ പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ അവർക്കെതിരെ കടുത്ത വിമര്‍ശനവും ഭീഷണിയുമായി ബിജെപി രംഗത്തെത്തി. പ്രതിഷേധിച്ചവർക്ക് രാജ്യസ്നേഹമില്ലെന്നും ഇവർ ആദായ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും, ഇൻകം ടാക്സും ഇഡിയും വീട്ടിൽ കയറിയിറങ്ങി വെട്ടിപ്പ് പിടിച്ചാൽ ധർണ നടത്താൻ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നും സന്ദീപ് വാര്യർ ഭീഷണി മുഴക്കിയിരുന്നു. സിനിമാക്കാർ പ്രതിഷേധിച്ചത് തെറ്റാണെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചിരുന്നു.