News
സവാള നൽകാത്തതിന് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭക്ഷണത്തോടൊപ്പം സവാള അരിഞ്ഞത് നൽകാത്തതിന് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. വഞ്ചിയൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാക്കളാണ് അക്രമം നടത്തിയത്.
വഞ്ചിയൂര്‍ കൈതമുക്കിലെ വെട്ടുകാട്ടില്‍ ഹോട്ടലാണ് യുവാക്കൾ അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾക്ക് ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞത് നൽകിയിരുന്നു. തുടർന്ന് യുവാക്കൾ സവാള രണ്ടാമതും ആവശ്യപ്പെട്ടു. എന്നാൽ വില കൂടുതലായതിനാൽ അധികം സവാള നൽകിയില്ല. ഇതിൽ പ്രകോപിതരായ യുവാക്കൾ ഹോട്ടൽ അടിച്ചു തകർക്കുകയായിരുന്നു.
ക്യാഷ് കൗണ്ടർ അടക്കമുള്ളവ അക്രമികള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് സംഘം ഹോട്ടലിലെ ജീവനക്കാരെ മർദിക്കുകയും അപ്പച്ചട്ടി കൊണ്ട് ബീഹാർ സ്വദേശിയായ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിക്കുകയും ചെയ്തു. അക്രമത്തിൽ പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഞ്ചിയൂർ പോലീസിൽ ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്.മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.