News
സിനിമക്കാർക്കെതിരെ വീണ്ടും സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്
സിനിമക്കാർക്കെതിരെ വീണ്ടും സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്.കഴിഞ്ഞ നവംബർ ഒന്നിന് ഒന്നിന് സംഗീത സംവിധായകൻ ബിജിബാലിന്റേയും, ഷഹബാസ് അമന്റെയും നേതൃത്വത്തിൽ കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ നടത്തിയ ‘കരുണ സംഗീത’ നിശയുടെ വരവ് കണക്ക് ചോദിച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥമാണ് കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ, ബിജിബാലിന്റേയും ഷഹബാസ് അമന്റെയും നേതൃത്വത്തിൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ
സംഗീത നിശ നടത്തിയത്.ആർട്ടിസ്റ്റുകളും ടെക്‌നീഷ്യൻമാരുമുൾപ്പെടെ എല്ലാവരും സൗജന്യമായാണ് സംഗീതനിശയിൽ സഹകരിച്ചത്.സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ സദസ്സുമുണ്ടായിരുന്നു.പ്രോഗ്രാമിൽ വിറ്റ ടിക്കറ്റിന്റെ കണക്കും അതിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത തുകയുടെ കണക്കും പുറത്തുവിടണമെന്നാണ് ഫേസ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.നാട്ടുകാരുടെ പണം പിരിച്ച പരുപാടിയായതുകൊണ്ട് ഇത്രയും കാലം മൂടിവച്ച കണക്ക് പുറത്തുവിടണം എന്ന് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
പുതിയ വിവാദത്തിനാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് തുടക്കമിടുന്നത്.ഫേസ്ബുക് പോസ്റ്റിൽ പറയുന്നതുപോലെ നവംബർ 4 വൈകിട്ട്, ഒന്നാംതീയതി നടന്ന കരുണ പ്രോഗ്രാമിന്റെ വിജയത്തിൽ നന്ദി പറഞ്ഞുകൊണ്ട് ഇട്ട പോസ്റ്റല്ലാതെ കൊച്ചി മ്യൂസിക് ഫൌണ്ടേഷന്റെ ഫേസ്ബുക് പേജിൽ ഇന്നേവരെ ഒരു പോസ്റ്റും വന്നിട്ടില്ല.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകിയെന്നോ, നൽകിയെങ്കിൽ തുക എത്രയാണെന്നോ ഒന്നും.ഈ സാഹചര്യത്തിൽ കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ എന്ത് മറുപടി നൽകും എന്നതാണ് കാണേണ്ടത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
പൊരിച്ച മത്തി ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കരുണ സംഗീത നിശയുടെ ഉദ്ദേശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു.
ഇതിനായി ഇക്കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചുംബന സമരം പോലെ തങ്ങളുടെ മുഴുവൻ സ്വാധീനവും പൊരിച്ച മത്തി ടീം ഉപയോഗിച്ചു. മലയാളത്തിലെ മെഗാസ്റ്റാർ ഉൾപ്പെടെ മുഴുവൻ പേരും സൗജന്യമായി ഈ പരിപാടിയുടെ പ്രൊമോഷൻ ചെയ്തു കൊടുത്തു. മലയാളത്തിലെ മുഴുവൻ സംഗീതജ്ഞരും ലൈറ്റ് ആൻഡ് സൗണ്ട് മുതൽ ക്യാമറ വരെയുള്ള മുഴുവൻ വിഭാഗങ്ങളും ഒരു രൂപ വാങ്ങാതെ സൗജന്യമായി സേവനം ചെയ്തു. നാട്ടുകാരുടെ സെൻറിമെൻസിൽ ആണല്ലോ ഇവർ പണ്ടേ കയറിപ്പിടിക്കാറുള്ളത് .
എന്റെ അറിവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം ആയതിനാൽ രാജീവ് ഗാന്ധി സ്റ്റേഡിയവും സൗജന്യമായാണ് വിട്ടുകൊടുത്തത്. കുറ്റം പറയരുതല്ലോ സ്റ്റേഡിയം ഹൗസ്ഫുൾ ആയിരുന്നു.
പരിപാടിക്കുശേഷം നവംബർ നാലിന് മുഴുവൻ പേർക്കും നന്ദി അറിയിച്ചുകൊണ്ട് (നന്ദി മാത്രമേ ഉള്ളൂ ) പൊരിച്ച മത്തിക്കാർ പോസ്റ്റിടുന്നു. ശുഭം. പിന്നീട് നാളിതുവരെ ആ പേജിൽ ആളനക്കമില്ല.
ഇനിയാണ് ചോദ്യം.
വരവ് എത്ര ?
ചിലവില്ല എന്ന് നിങ്ങൾ തന്നെ പറഞ്ഞുകഴിഞ്ഞു.
വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ?
ഉണ്ടെങ്കിൽ എന്ന്? രേഖ പുറത്ത് വിടുക.
ഇല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ല? എന്തുകൊണ്ട് പണം കൈമാറിയില്ല?
പണം ഇതുവരെ കൈമാറിയില്ലെങ്കിൽ പരിപാടിയിൽ നിന്നു കിട്ടിയ പണം കണക്കുപോലും പുറത്തുകാണിക്കാതെ ഇത്രയുംകാലം കയ്യിൽ വെച്ചത് ശരിയോ?
നിങ്ങൾ കണക്ക് പുറത്തു വിട്ടാൽ മതി. നാട്ടുകാരുടെ പണം പിരിച്ച പരിപാടിയല്ലേ.